ദുബായ്: ഓൺലൈൻ യാചകരുടെ വ്യാജ സന്ദേശങ്ങളിൽ വീഴരുതെന്ന മുന്നറിയിപ്പുമായി ദുബായ് പോലീസ്. യുഎഇയുടെ ഔദ്യോഗിക ജീവകാരുണ്യസ്ഥാപനങ്ങളിലൂടെ സഹായം എത്തിക്കാവുന്നതാണെന്നും പോലീസ് അറിയിച്ചു. ഈ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്ത് സഹായം ജനങ്ങളിലെത്തിക്കാമെന്നും പോലീസ് വ്യക്തമാക്കി.
റമദാനിൽ ഇ-മെയിലുകളും മറ്റ് സമൂഹമാദ്ധ്യമങ്ങളും വഴി സഹായം അഭ്യർത്ഥിക്കുന്ന ഓൺലൈൻ യാചകർ വർധിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ. ദരിദ്രാവസ്ഥയിലുള്ള ചിത്രങ്ങൾ അയക്കുകയും അനാഥരെ സഹായിക്കുക, രോഗികളെ ചികിത്സിക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് ഇത്തരക്കാർ സഹായം അഭ്യർത്ഥിക്കുന്നത്. ഇവരുടെ തട്ടിപ്പുകളിൽ വിഴരുതെന്നും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി യുഎഇ സ്ഥാപിച്ച സ്ഥാപനങ്ങളിലൂടെ മാത്രമേ സഹായം നൽകാൻ പാടുള്ളുവെന്നും പോലീസ് മുന്നറിയിപ്പ് നൽകി.
2012ലെ ഫെഡറൽ നിയമം നമ്പർ 5 അനുസരിച്ച് യോഗ്യതയുള്ള അതോറിറ്റിയിൽ നിന്നും ലൈസൻസ് നേടാതെ സംഭാവനകൾ ശേഖരിക്കുന്നതിന് വിലക്കുണ്ടെന്നും പോലീസ് വ്യക്തമാക്കി. സംശയാസ്പദമായ സൈബർപ്രവർത്തനങ്ങളും ഭിക്ഷാടകരും ശ്രദ്ധയിൽപ്പെട്ടാൽ ട്രോൾ ഫ്രീ നമ്പരായ 901ലോ ദുബായ് പോലീസ് ആപ്പ് വഴിയോ അറിയിക്കണമെന്നും അധികൃതർ അറിയിച്ചു.
Comments