ന്യൂഡൽഹി: ചൈനീസ് പൗരന്മാർക്ക് അനുവദിക്കുന്ന ടൂറിസ്റ്റ് വിസ താത്കാലികമായി റദ്ദാക്കി ഇന്ത്യ. എയർ ലൈൻ സംഘടനയായ ഇന്റർനാഷണൽ എയർ ട്രാർസ്‌പോർട്ട് അസോസിയേഷനാണ് (ഐഎടിഎ) ഇക്കാര്യം അറിയിച്ചത്. ഇതുസംബന്ധിച്ച് സർക്കുലറും ഐഎടിഎ പുറപ്പെടുവിച്ചു. ടൂറിസ്റ്റ് വിസയിൽ ചൈനീസ് പൗരന്മാർക്ക് ഇനി ഇന്ത്യയിലേക്ക് എത്താൻ സാധിക്കില്ല.
ചൈനീസ് യൂണിവേഴ്‌സിറ്റികളിൽ ഏകദേശം 22,000 ഇന്ത്യൻ വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. കൊറോണയുടെ തുടക്കത്തിൽ 2020ൽ ഇവർ ഇന്ത്യയിലേക്ക് തിരികെ എത്തിയിരുന്നു. ഇവർക്ക് ഇതുവരെ ഫിസിക്കൽ ക്ലാസുകളിൽ പങ്കെടുക്കാനായിട്ടില്ല. ഓൺലൈൻ ക്ലാസുകളിലാണ് ഇവർ ഇതുവരെ പങ്കെടുത്തിരുന്നത്. ചൈനീസ് അധികൃതർ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകാത്ത സാഹചര്യത്തിലാണ് ടൂറിസ്റ്റ് വിസ റദ്ദാക്കിയത്.
ചൈനീസ് പൗരന്മാർക്ക് ഇന്ത്യ അനുവദിച്ച ടൂറിസ്റ്റ് വിസകൾ ഇനി മുതൽ ഉണ്ടാകില്ലെന്ന് ഉത്തരവിൽ പറയുന്നു. പത്ത് വർഷത്തെ കാലാവധിയാണ് ടൂറിസ്റ്റ് വിസകൾക്കുള്ളത്. അതേസമയം റെസിഡന്റ് പെർമിറ്റുള്ള ഭൂട്ടാൻ, നേപ്പാൾ, മാലിദ്വീപ്, എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് ഇന്ത്യയിൽ പ്രവേശിക്കാമെന്നും ഐഎടിഎ അറിയിച്ചു. ആഗോള വിമാന ഗതാഗതത്തിന്റെ 80 ശതമാനത്തിലധികം ഉൾക്കൊള്ളുന്ന 290 അംഗങ്ങളുള്ള സംഘടനയാണ് ഐഎടിഎ.
Comments