മുംബൈ: അനശ്വര ഗായിക ലതാ മങ്കേഷ്‌കർ തനിക്ക് മൂത്ത സഹോദരിയെപ്പോലെ ആയിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുംബൈയിൽ പ്രഥമ ലതാ ദീനാനാഥ് മങ്കേഷ്‌കർ പുരസ്‌കാരം സ്വീകരിച്ച ശേഷമാണ് പ്രധാനമന്ത്രി ഇരുവരും തമ്മിലുളള ആത്മബന്ധം ഓർമ്മിപ്പിച്ചത്. രാഷ്‌ട്രത്തിനും പൊതുസമൂഹത്തിനും വേണ്ടിയുളള നിസ്വാർത്ഥ സേവനങ്ങൾ മാനിച്ചായിരുന്നു പ്രധാനമന്ത്രിയെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്.
ലതാ മങ്കേഷ്‌കറിൽ നിന്നും എല്ലായ്‌പോഴും തനിക്ക് അതിരറ്റ സ്‌നേഹമാണ് ലഭിച്ചിട്ടുളളത്. പതിറ്റാണ്ടുകൾക്ക് ശേഷം ലതാ മങ്കേഷ്‌കർ ഇല്ലാത്ത ഒരു രാഖി ഉത്സവമാണ് വരാൻ പോകുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ലതാ മങ്കേഷ്‌കറെപ്പോലെ മൂത്ത സഹോദരിയുടെ പേരിലുളള പുരസ്‌കാരം അവർക്ക് തന്നോടുളള സ്‌നേഹത്തിന്റെയും ഒരുമയുടെയും അടയാളമായിട്ടാണ് കണ്ടത്. അതുകൊണ്ടു തന്നെ അത് നിരസിക്കാൻ തനിക്ക് ആകുമായിരുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. പുരസ്‌കാരം രാജ്യത്തെ എല്ലാ പൗരൻമാർക്കായും സമർപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഗീതത്തിന് നിങ്ങളെ രാജ്യസ്‌നേഹത്തിന്റെ കൊടുമുടിയിലെത്തിക്കാൻ സാധിക്കും. സംഗീതത്തിനൊപ്പം രാജ്യസ്‌നേഹത്തിലും ഉത്തമബോധ്യം ഉണ്ടായിരുന്ന ആളാണ് ലതാ ദീദിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. അവരുടെ പിതാവായിരുന്നു അതിന് പ്രേരകമായിരുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ലതാ ദീദിയുടെ രൂപത്തിൽ സംഗീതത്തിന്റെ ശക്തി മനസിലാക്കാൻ കഴിഞ്ഞതിൽ നമ്മൾ ഭാഗ്യവാൻമാരാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
Comments