റാഞ്ചി: ജാര്‍ഖണ്ഡില്‍ 11 വയസ്സുകാരിയെ പ്രായപൂര്‍ത്തിയാകാത്ത ആറ് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. ജാര്‍ഖണ്ഡിലെ ഖുന്തി ജില്ലയിലാണ് സംഭവം. കേസില്‍ അറസ്റ്റിലായ എല്ലാവരും 10നും 15നും ഇടയില്‍ പ്രായമുള്ളവരാണ്. ആറ് പേരെയും ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്‍പാകെ ഹാജരാക്കിയതായി പോലീസ് അറിയിച്ചു. പെണ്‍കുട്ടി സമീപത്തിലെ ഗ്രാമത്തില്‍ വിവാഹത്തിന് പങ്കെടുക്കാന്‍ പോയപ്പോഴാണ് സംഭവം.
കല്യാണ വീട്ടിലെ പരിപാടിയ്‌ക്കിടെ പെണ്‍കുട്ടി നൃത്തം ചെയ്തിരുന്നു. ഇതിനിടെ പെണ്‍കുട്ടിയും ആണ്‍കുട്ടികളില്‍ ചിലരും തമ്മില്‍ വാക്കേറ്റമുണ്ടായി. ആണ്‍കുട്ടികളില്‍ ഒരാളെ പെണ്‍കുട്ടിയ്‌ക്ക് പരിചയമുണ്ടായിരുന്നു. കല്യാണ വീട്ടില്‍ നിന്നും രാത്രിയില്‍ തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടിലേക്ക് മടങ്ങിപ്പോയ പെണ്‍കുട്ടിയെ പ്രതികളായ ആണ്‍കുട്ടികള്‍ വഴിയില്‍ തടഞ്ഞ് നിര്‍ത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെ അടിച്ചോടിക്കുകയും ചെയ്തു. ശേഷം പെണ്‍കുട്ടിയെ ആളൊഴിഞ്ഞ ഇടത്തേയ്‌ക്ക് കൊണ്ടുപോയി കൂട്ടം ചേര്‍ന്ന് ബലാത്സംഗം ചെയ്തു.
പെണ്‍കുട്ടിയ്‌ക്കൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ ഉടന്‍ തന്നെ വീട്ടുകാരെ വിവരം അറിയിച്ചു. മാതാപിതാക്കള്‍ സംഭവ സ്ഥലത്തേയ്‌ക്ക് എത്തിയപ്പോഴേക്കും പ്രതികള്‍ ഓടി രക്ഷപെട്ടതായി പോലീസ് അറിയിച്ചു. സംഭവത്തില്‍ മാതാപിതാക്കള്‍ ആദ്യം പരാതി നല്‍കാന്‍ വിസമ്മതിച്ചിരുന്നു. സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം ഏപ്രില്‍ 21നാണ് പോലീസില്‍ പരാതി നല്‍കുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുകയാണെന്നും പോലീസ് അറിയിച്ചു.
Comments