തന്റെ പുതിയ ചിത്രത്തിന് ലഭിച്ച തുകയിൽ നിന്നും രണ്ട് ലക്ഷം രൂപ മിമിക്രി കലാകാരന്മാർക്ക് കൈമാറി സുരേഷ് ഗോപി. ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിനായി ലഭിച്ച തുകയുടെ അഡ്വാൻസിൽ നിന്നുമാണ് താരം ഈ തുക മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷന് കൈമാറിയത്. ടിനി ടോമാണ് ചെക്ക് സുരേഷ് ഗോപിയിൽ നിന്നും സ്വീകരിച്ചത്. കലാകാരന്മാർക്ക് നൽകിയ വാക്ക് പാലിച്ച സുരേഷ് ഗോപിയെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തിയത്.
പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യുന്ന അത്ഭുതമാണ് സുരേഷ് ഗോപിയെന്നാണ് ടിനി ടോം കുറിച്ചത്. ‘വാക്കും പ്രവൃത്തിയും തമ്മിൽ തൃശൂർ പൂരത്തിന് കണ്ട ഭാവം പോലും പ്രകടിപ്പിക്കാത്ത ‘പ്രസംഗ’ സ്വഭാവമുള്ള പലർക്കുമിടയിൽ, പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യുന്ന സുരേഷേട്ടൻ ഒരു അത്ഭുതമാണ്…’മാ’ സംഘടനയിലെ ഒരംഗമെന്ന നിലയിൽ അങ്ങയെ ഹൃദയത്തോട് ചേർത്തു വയ്‌ക്കുന്നു..ഞങ്ങളുടെയൊക്കെ ചങ്കല്ല, ചങ്കിടിപ്പാണ് സുരേഷേട്ടൻ…വലിയ നന്ദി’ ടിനി ടോം പറഞ്ഞു.
‘വാക്ക് കൊടുക്കാൻ എളുപ്പമാണ്.. പാലിക്കാൻ പാടും… പക്ഷെ… അങ്ങനെ വാക്ക് പാലിക്കുന്നവരെ ഒറ്റ വാക്കിൽ ഒരു പേര് പറയും ‘ഒറ്റകൊമ്പൻ’ നന്ദി സുരേഷേട്ടാ…’ എന്നാണ് നടൻ ബിബിൻ ജോർജ് കുറിച്ചത്. ‘ഈ മിമിക്രി കലാകാരൻ മാരോടുള്ള സ്‌നേഹത്തിന്, അങ്ങയുടെ ആ മഹാ മനസ്സിന്, ഒരായിരം നന്ദി സർ’ എന്ന് മിമിക്രി കലാകാരനും അഭിനേതാവുമായ നോബി മാർക്കോസ് കുറിച്ചു.
നേരത്തേയും സിനിമയുടെ അഡ്വൻസ് തുക ലഭിച്ചപ്പോൾ രണ്ട് ലക്ഷം രൂപ സുരേഷ് ഗോപി കൈമാറിയിരുന്നു. മിമിക്രി താരങ്ങൾക്കൊപ്പമുള്ള മാ മാമാങ്കം എന്ന പരിപാടിയിൽ പങ്കെടുത്തുകൊണ്ടാണ് സുരേഷ് ഗോപി ഈ വാഗ്ദാനം നൽകിയത്. കൊറോണ കാലത്ത് ഏറെ പ്രതിസന്ധിയിലായവരാണ് മിമിക്രി കലാകാരൻമാർ. മിമിക്രി കലാകാരൻമാർക്ക് സഹായം എത്തിക്കാനായി സംഘടിപ്പിച്ച പരിപാടിയിലാണ് സുരേഷ് ഗോപി പ്രതിഫലത്തുകയിൽ നിന്നും രണ്ടു ലക്ഷം നൽകുമെന്ന് പ്രഖ്യാപിച്ചത്.
Comments