പാലക്കാട് : ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പാലക്കാട്ടെ എസ്ഡിപിഐ ഓഫീസിൽ പരിശോധന. വൈകീട്ട് ആറ് മണിയോടെയാണ് അന്വേഷണ സംഘം ഓഫീസിൽ പരിശോധന നടത്തിയത്. ഇന്നലെ പട്ടാമ്പിയിലെയും, തൃത്താലയിലെയും പോപ്പുലർഫ്രണ്ട് ഓഫീസുകളിൽ പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാലക്കാട്ടെ ഓഫീസിലും പരിശോധന നടന്നത്.
ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്‌ക്കായി എത്തിയത്. പത്തോളം പോലീസുകാർ സംഘത്തിൽ ഉണ്ടായിരുന്നു. പരിശോധന ഏകദേശം അര മണിക്കൂറോളം നീണ്ടു. ശ്രീനിവാസന്റെ കൊലയാളി സംഘത്തിൽപ്പെട്ട ഇഖ്ബാലിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധനയെന്നാണ് സൂചന. കൃത്യത്തിന് ശേഷം പ്രതികൾ ഇവിടെ ഒളിവിൽ കഴിഞ്ഞിട്ടുണ്ടെന്നും സംശയിക്കുന്നുണ്ട്.
തൃത്താലയിലും, പട്ടാമ്പിയിലും പോപ്പുലർഫ്രണ്ട് ഓഫീസിന് പുറമേ പ്രവർത്തകരുടെ വീടുകളിലും പോലീസ് പരിശോധന നടത്തി. ശ്രീനിവാസിനെ കൊലപ്പെടുത്തിയതിന് ശേഷം പ്രതികൾ പോപ്പുലർഫ്രണ്ടിന്റെ ഓഫീസുകളിൽ ഒളിച്ചു താമസിച്ചുവെന്നും, ഇവിടെ വെച്ചാണ് ഗൂഢാലോചന നടത്തിയതെന്നുമാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇതേ തുടർന്നാണ് പരിശോധന നടത്തിയത്. ശ്രീനിവാസിന്റെ കൊലയാളി സംഘത്തിലെ പ്രതികൾ പട്ടാമ്പി സ്വദേശികളാണ്.
















Comments