തിരുവനന്തപുരം: ശിവഗിരി തീർഥാടനത്തിന്റെ 90-ാം വാർഷികവും ബ്രഹ്മവിദ്യാലയത്തിന്റെ സുവർണ ജൂബിലിയും പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും. രാവിലെ പത്ത് മണിയോടെയാണ് ഉദ്ഘാടനം. ശിവഗിരി തീർത്ഥാടനത്തിന്റെ നവതിയും ബ്രഹ്മ വിദ്യാലയത്തിന്റെ സുവർണ്ണ ജൂബിലിയും സംയുക്തമായി 2022 ഏപ്രിൽ മുതൽ ശിവഗിരി മഠം ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ ആഘോഷിക്കുകയാണ്.
ലോക് കല്യാൺ മാർഗിൽ നടക്കുന്ന ചടങ്ങിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന സംയുക്ത ആഘോഷങ്ങളുടെ ലോഗോ പ്രകാശനവും പ്രധാനമന്ത്രി നിർവഹിക്കും. ശിവഗിരി തീർത്ഥാടനവും ബ്രഹ്മവിദ്യാലയവും ആരംഭിച്ചത് സാമൂഹിക പരിഷ്‌കർത്താവ് ശ്രീനാരായണ ഗുരുവിന്റെ അനുഗ്രഹവും മാർഗനിർദേശവും കൊണ്ടാണ്.
1924 ൽ ആലുവ അദ്വൈതാശ്രമത്തിൽ ഗുരുദേവൻ സംഘടിപ്പിച്ച സർവമത സമ്മേളനത്തിനു തുടർച്ചയായാണ് ശിവഗിരി മതമഹാപാഠശാല രൂപംകൊണ്ടത്. ഗുരുദേവ കൃതികൾ, ബൈബിൾ, ഖുർആൻ ഉൾപ്പെടെയുളള മതഗ്രന്ഥങ്ങൾ, ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം ഭാഷകൾ എന്നീ പാഠ്യവിഷയങ്ങളോടെ ഏഴു വർഷം നീളുന്നതാണ് ബ്രഹ്മവിദ്യാലയ പഠനം. 20,000-ലധികം ഗ്രന്ഥങ്ങളോടെ മത മഹാപാഠശാലയോടനുബന്ധിച്ചുള്ള ലൈബ്രറി, ആധുനിക സജ്ജീകരണങ്ങളോടെ വികസിപ്പിക്കാൻ ശിവഗിരിമഠം തീരുമാനിച്ചിട്ടുണ്ട്.
ബ്രഹ്മവിദ്യാലയ ജൂബിലി, തീർത്ഥാടന നവതി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, ബ്രഹ്മവിദ്യാലയ കനകജൂബിലി ആഘോഷക്കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ, ഗുരുധർമ്മ പ്രചരണസഭാ സെക്രട്ടറിയും തീർത്ഥാടന നവതി ആഘോഷക്കമ്മിറ്റി സെക്രട്ടറിയുമായ സ്വാമി ഗുരുപ്രസാദ് ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും.
















Comments