പാലക്കാട്: ആർഎസ്എസ് ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകത്തിൽ രണ്ട് പേർ കൂടി പിടിയിൽ. ശ്രീനിവാസനെ നേരിട്ട് വെട്ടിയ യുവാവും വാഹനമോടിച്ചിരുന്നയാളുമാണ് പിടിയിലായിരിക്കുന്നത്. കേസിൽ ഇന്ന് കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് വിവരം. ആറ് പേരാണ് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തത്. ഇതിൽ ഒരാളെ മാത്രമാണ് നേരത്തെ പിടികൂടിയിരുന്നത്. പോലീസ് കസ്റ്റഡിയിലുള്ള ഫയാസ് അടക്കമുള്ളവർ ഗൂഢാലോചനയിൽ പങ്കെടുത്തവരും കൊലപാതകികൾക്ക് ഒളിവിൽ പോകാൻ സഹായം ചെയ്തവരുമാണ്.
ആറംഗ സംഘത്തിൽ ഉൾപ്പെടുന്ന ഇഖ്ബാൽ എന്നയാളെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതക സമയത്ത് ഇയാൾ ഉപയോഗിച്ച ആക്ടീവയും കണ്ടെത്തി. കൊലയാളി സംഘത്തിന് അകമ്പടിയായി പോയ മാരുതി കാറിലാണ് ആയുധങ്ങൾ എത്തിച്ചതെന്നും കണ്ടെത്തി. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പാലക്കാട് ബിജെപി ഓഫീസിന് മുന്നിലൂടെ അക്രമികളും കാറും പോകുന്നതാണ് ദൃശ്യത്തിലുള്ളത്. അവശേഷിക്കുന്ന രണ്ട് ബൈക്കുകളിൽ ഉള്ളവരേയും അത് ഓടിച്ചവരേയും തിരിച്ചറിഞ്ഞതായാണ് വിവരം.
ശ്രീനിവാസനെ കൊല്ലാൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വിപുലമായ പദ്ധതി ആസൂത്രണം ചെയ്തുവെന്നാണ് തെളിവുകൾ സൂചിപ്പിക്കുന്നത്. പ്രതികൾക്ക് മസ്ജിദുകളാണ് അഭയം നൽകുന്നത് എന്നാണ് സൂചന. കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം കൊണ്ടുവന്ന ഓട്ടോ, പ്രതികളുടെ മൊബൈൽ ഫോൺ, വാഹനങ്ങൾ എന്നിവ ശംഖുവാരത്തോട് മസ്ജിദ് പരിസരത്ത് നിന്നാണ് പിടികൂടിയത്. ഇതിന് പുറമേ പ്രതികൾക്ക് ഇവിടെ അഭയം നൽകുകയും ചയ്തിരുന്നു. കൊലയാളി സംഘത്തിലുണ്ടായിരുന്ന ഇഖ്ബാൽ ഒളിവിൽ കഴിഞ്ഞതും തടുക്കശ്ശേരി മസ്ജിദിൽ ആണ്.
കേസിൽ ശംഖുവാരത്തോട് മസ്ജിദ് ഇമാം കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. സദ്ദാം ഹുസ്സൈൻ ആണ് അറസ്റ്റിലായത്. പ്രതികളെ രക്ഷപ്പെടാൻ സഹായിക്കുകയും, മൊബൈൽ ഫോൺ ഒളിപ്പിക്കുകയും ചെയ്ത കുറ്റത്തിനാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. കൊലയാളി സംഘത്തിലെ മുഖ്യ ആസൂത്രകനായ അബ്ദുറഹ്മാനെയാണ് കൃത്യത്തിന് ശേഷം സദ്ദാം ഹുസ്സൈൻ മസ്ജിദിൽ ഒളിപ്പിച്ചത്. ഇതിന് പുറമേ കൃത്യത്തിന് ശേഷം അറസ്റ്റിലായവരിൽ ഒരാൾ നൽകിയ മൊബൈൽ ഫോണും സദ്ദാം ഹുസ്സൈൻ മസ്ജിദിൽ സൂക്ഷിച്ചിരുന്നു. പ്രതികളെ എത്തിച്ച് നടത്തിയ തെളിവെടുപ്പിൽ ഇവ കണ്ടെത്തിയിരുന്നു.
ഏപ്രിൽ 16-ാം തീയതി ഉച്ചയ്‌ക്കാണ് എസ്ഡിപിഐ പ്രവർത്തകരുടെ സംഘമെത്തി ശ്രീനിവാസനെ വെട്ടിക്കൊന്നത്. വാളുകളുമായി എത്തിയ സംഘം കടയ്‌ക്ക് അകത്ത് നിൽക്കുകയായിരുന്ന ശ്രീനിവാസനെ വെട്ടുകയായിരുന്നു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ മരണത്തിലുള്ള രാഷ്‌ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. സുബൈറിന്റെ പോസ്റ്റുമോർട്ടത്തിന് പിന്നാലെ ആശുപത്രിയിൽ നിന്നാണ് സംഘം എത്തി ശ്രീനിവാസനെ കൊലപ്പെടുത്തുന്നത്.
Comments