പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. പാലക്കാട് പറക്കുന്നം സ്വദേശി റിഷിലിനെയാണ് അറസ്റ്റ് ചെയ്തത്. റിഷിലാണ് കൊല്ലേണ്ടയാളുടെ പട്ടിക തയ്യാറാക്കിയതെന്ന് അന്വേഷണ സംഘം അറിയിച്ചു. മൂന്നു പേരുടെ പട്ടികയാണ് റിഷിൽ നൽകിയത്. ഈ പട്ടികയിൽ ഉള്ളയാളാണ് കൊല്ലപ്പെട്ട ശ്രീനിവാസനെന്ന് പോലീസ് വ്യക്തമാക്കി.
കൊലപ്പെടുത്താനുള്ള സാഹചര്യം ഒത്തു കിട്ടാതിരുന്നതാണ് മറ്റുള്ളവരെ ഒഴിവാക്കാൻ കാരണമെന്ന് പോലീസ് പറയുന്നു. പ്രതികൾ മറ്റ് രണ്ട് പേരെ കൂടി ലക്ഷ്യമിട്ടിരുന്നതായി അന്വേഷണ സംഘത്തിൽ മേൽനോട്ടം വഹിക്കുന്ന എഡിജിപി വിജയ് സാഖറേയും വ്യക്തമാക്കിയിരുന്നു. റിഷിലിനെ കൂടി കസ്റ്റഡിയിലെടുത്തതോടെ ഇന്ന് മൂന്ന് പേരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ശ്രീനിവാസന്റെ കടയിൽ കയറി വെട്ടിയ യുവാവും വാഹനമോടിച്ച വ്യക്തിയുമാണ് അറസ്റ്റിലായത്. ഇവരുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഏപ്രിൽ 16-ാം തീയതി ഉച്ചയ്‌ക്കാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ സംഘമെത്തി ശ്രീനിവാസനെ വെട്ടിക്കൊന്നത്. വാളുകളുമായി എത്തിയ സംഘം കടയ്‌ക്ക് അകത്ത് നിൽക്കുകയായിരുന്ന ശ്രീനിവാസനെ വെട്ടുകയായിരുന്നു.
















Comments