തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച കൊറോണ അവലോകന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കില്ല. ചികിത്സയ്ക്കായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയിരുന്നു. ഇതേ തുടർന്നാണ് യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നത്. ആരോഗ്യമന്ത്രി വീണ ജോർജ്ജ് ആണ് സംസ്ഥാനത്തെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുക്കുകയെന്നാണ് വിവരം.
രാജ്യത്ത് കൊറോണ കേസുകളുടെ എണ്ണം വീണ്ടും നേരിയ തോതിൽ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്. ഡൽഹിയിൽ ഉൾപ്പെടെ നാലാം തരംഗം മുന്നിൽ കണ്ടുളള ഒരുക്കങ്ങളും മുൻകരുതലുകളും സ്വീകരിച്ചു തുടങ്ങിക്കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകുമെന്നാണ് വിവരം.
നാലാം തരംഗമുണ്ടായാൽ സംസ്ഥാനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ ഉൾപ്പെടെ യോഗത്തിൽ ചർച്ചയാകും. കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ സെമിനാറും യോഗത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. അതേസമയം ഓൺലൈനായി നടക്കുന്ന യോഗമായിരുന്നിട്ടും മുഖ്യമന്ത്രി പങ്കെടുക്കാത്തതിൽ വിമർശനം ഉയരുന്നുണ്ട്.
രാജ്യത്തെ നിലവിലെ കൊറോണ കേസുകളുടെ എണ്ണവും രോഗവ്യാപനവും നാലാം തരംഗത്തിന്റെ ശാസ്ത്രീയ റിപ്പോർട്ടുകളും ഉൾപ്പെടെ വിശകലനം ചെയ്യുന്ന യോഗത്തിൽ നിന്ന് മുഖ്യമന്ത്രി വിട്ടുനിൽക്കുന്നത് ഉചിതമായിരിക്കില്ലെന്നും ആരോഗ്യവിദഗ്ധർ ഉൾപ്പെടെ ചൂണ്ടിക്കാട്ടുന്നു. പകരം ആർക്കും ചുമതല നൽകാതെയാണ് മുഖ്യമന്ത്രി അമേരിക്കയിൽ ചികിത്സയ്ക്ക് പോയത്.
Comments