ന്യൂഡൽഹി: കൊറോണയ്ക്കെതിരായ പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യൂറോപ്പിലെ പല രാജ്യങ്ങളിലും ഒമിക്രോണും അതിന്റെ വകഭേദങ്ങളും ഇപ്പോഴും നാശം വിതച്ചുകൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡൽഹിയിൽ മുഖ്യമന്ത്രിമാരുമായി നടത്തിയ കൊറോണ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈറസ് വ്യാപനത്തെ അതിന്റെ ആദ്യഘട്ടത്തിൽ തന്നെ പ്രതിരോധിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ മെഡിക്കൽ കോളജുകളിലും ജില്ലാ ആശുപത്രികളിലും കൂടുതൽ ജീവനക്കാരെയും സൗകര്യങ്ങളും ഏർപ്പെടുത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു. പൊതു സ്ഥലങ്ങളിൽ കൊറോണ പ്രതിരോധ പെരുമാറ്റരീതികൾ തുടരണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
അർഹരായ എല്ലാ കുട്ടികൾക്കും എത്രയും വേഗം വാക്സിൻ നൽകുക എന്ന ലക്ഷ്യത്തിനാണ് കേന്ദ്രസർക്കാർ മുൻഗണന നൽകുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യത്തെ കൊറോണ രോഗബാധിതരിൽ നേരിയ വർദ്ധനയുണ്ട്. അതുകൊണ്ടു തന്നെ ജാഗ്രത കൈവെടിയരുതെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.
18 വയസിന് മുകളിലുളളവരിൽ 96 ശതമാനവും ആദ്യ ഡോസ് സ്വീകരിച്ചതായും 15 വയസിന് മുകളിലുളള കൗമാരക്കാരിൽ 85 ശതമാനം രണ്ടാം ഡോസും സ്വീകരിച്ചതായും ഇതിൽ രാജ്യത്തിന് അഭിമാനിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു. മുൻകരുതൽ ഡോസിനെക്കുറിച്ചുളള ബോധവൽക്കരണം കൂടുതൽ സജീവമാക്കണം. അദ്ധ്യാപകരും രക്ഷിതാക്കളും തുടങ്ങി അർഹരായ എല്ലാവരും സ്വയം സുരക്ഷയ്ക്കായി മുൻകരുതൽ ഡോസുകൾ സ്വീകരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Comments