ന്യൂഡൽഹി: ദേശീയ രാഷ്‌ട്രീയം അവസാനിപ്പിച്ച് കേരളത്തിലേക്ക് മടങ്ങുകയാണെന്ന് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എകെ ആന്റണി. പാർലമെന്ററി രാഷ്‌ട്രീയം അവസാനിപ്പിച്ചതായി അദ്ദേഹം പ്രഖ്യാപിച്ചു.ക്രമേണ ദേശീയ രാഷ്‌ട്രീയത്തിൽ നിന്ന് ഒഴിവാകും. ഇനി പ്രവർത്തനം കേരളത്തിലെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തനം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആരായാലും സമയമാകുമ്പോൾ ഒഴിവാകണം.കെഎസ്.യു യൂത്ത് കോൺഗ്രസ്,കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ,മുഖ്യമന്ത്രു എന്നീ പദവികൾ വഹിച്ച ആന്റണിയല്ല താനിന്ന്, 81 വയസ് കഴിഞ്ഞു. കാലം ഏത് മനുഷ്യന്റേയും വേഗത കുറയ്‌ക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ടു തവണ കൊറോണ പിടിപ്പെട്ടു. രണ്ടാമത്തെ തവണ കൊറോണ വന്നതിന് ശേഷം ക്ഷീണമുണ്ട്. മൂന്നുമാസത്തെ വിശ്രമം ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ടെന്നും വലിയ തിരക്ക് ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയുടെ ഭാവിയിൽ ശുഭ പ്രതീക്ഷയാണ് ഉള്ളത്. ഈ കാലവും കടന്ന് പോകുമെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് തിരിച്ചു വരാനുള്ള പദ്ധതികൾ തയ്യാറാക്കുകയാണ്.പാർട്ടി അനുവദിക്കുന്നത് വരെ ഇന്ദിരാഭവനിലെ ഓഫീസ് മുറിയിലുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വളർത്തിയ എല്ലാവരോടും നന്ദിയും കടപ്പാടും ഉണ്ട്,നെഹ്‌റു കുടുംബമില്ലെങ്കിൽ കോൺഗ്രസില്ല. ഇന്ദിരാഗാന്ധിയാണ് കൈ പിടിച്ചുയർത്തിയത്.നെഹ്‌റു കുടുംബത്തെ മറക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
















Comments