കോഴിക്കോട്: ചെറുവണ്ണൂരിൽ പോക്സോ കേസ് പ്രതി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ജിഷ്ണുവിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു. തലയ്‌ക്കും വാരിയെല്ലിനും പരിക്കേറ്റിരുന്നതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഈ പരിക്കുകൾ വീഴ്ചയിൽ സംഭവിച്ചതാണോ എന്ന് വിശദമായി പരിശോധിക്കും. ഇതിനായി നാളെ പോലീസ് സംഘവും ഡോക്ടർമാരും സ്ഥലം സന്ദർശിക്കും.അതേസമയം ഈ സ്ഥലത്ത് ജിഷ്ണു വീണ് പരിക്ക് പറ്റാനോ, ചാടാനോ സാധ്യതയില്ലെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെ നല്ലളം പോലീസ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥർ ജിഷ്ണുവിനെ അന്വേഷിച്ച് വീട്ടിലെത്തിയിരുന്നു. പോലീസുകാരെത്തിയപ്പോൾ ജിഷ്ണു വീട്ടിലില്ലായിരുന്നു. തുടർന്ന് ഫോണിൽ ജിഷ്ണുവിനെ ബന്ധപ്പെട്ട പോലീസ് വീട്ടിൽ നിന്ന് മടങ്ങി. ഇതിന് പിന്നാലെയാണ് വീടിന് സമീപം ജിഷ്ണു വീണ് കിടക്കുന്നത് കണ്ടത്. നാട്ടുകാർ ജിഷ്ണുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചെന്നാണ് കുടുംബം അറിയിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിച്ചിരുന്നു.
















Comments