ന്യൂഡൽഹി: ഇടതുപക്ഷ തീവ്രവാദം ശക്തമായ സുരക്ഷാമേഖലകളിൽ 4ജി അനുവദിച്ച് കേന്ദ്രസർക്കാർ. 2ജിയിൽ നിന്നും 4ജിയിലേക്ക് മാറ്റുന്നതിനായി യൂണിവേഴ്‌സൽ സർവീസ് ഒബ്ലിഗേഷൻ ഫണ്ട് പദ്ധതിക്ക് കേന്ദ്രസർക്കാർ അനുമതി നൽകി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ യോഗത്തിലാണ് പദ്ധതിക്കുള്ള അംഗീകാരം നൽകിയത്.
ആദ്യഘട്ടത്തിൽ 2,343 ഇടതുപക്ഷ തീവ്രവാദ മേഖലകളിൽ 1,884.59 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പിലാക്കുക. ഇതിൽ വരുന്ന അഞ്ച് വർഷത്തെ പ്രവർത്തനങ്ങളും പരിപാലനവും ഉൾപ്പെടുന്നു. അതിന് ശേഷവരുന്ന അഞ്ച് വർഷത്തേക്ക് ബിഎസ്എൻഎൽ സ്വന്തമായി ചിലവുകൾ ഏറ്റെടുക്കും. പ്രസ്തുത മേഖലകൾ ബിഎസ്എൻഎല്ലിന്റ ഉടമസ്ഥതയിലുള്ളതിനാൽ പ്രവർത്തനങ്ങൾ ബിഎസ്എൻഎല്ലിന് തന്നെ കൈമാറും.
മേഖലകളിൽ മികച്ച ഇന്റർനെറ്റ്, ഡാറ്റ സേവനങ്ങൾ പ്രാപ്തമാക്കാൻ പദ്ധതി സഹായിക്കും. ഇടതുപക്ഷ തീവ്രവാദം ശക്തമായ മേഖലകളിൽ വിന്യസിച്ചിരിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥരുമായി വ്യക്തമായ ആശയവിനിമയം നടത്തുന്നതിനും ഇത് സഹായകരമാകും.
Comments