അഹമ്മദാബാദ്: ഗുജറാത്ത് മോഡൽ പഠിക്കാനായി കേരള സംഘം അഹമ്മദാബാദിലെത്തി. കേരള ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള രണ്ടംഗ സംഘമാണ് ഗുജറാത്തിലെത്തിയത്. ഇന്നലെ ഉച്ചയോടെ സംഘം കേരളത്തിൽ നിന്നും യാത്ര തിരിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അനുവാദത്തോടെയാണ് ചീഫ് സെക്രട്ടറി വി.പി ജോയിയുടെ യാത്ര. ഗുജറാത്തിലെ ഡാഷ് ബോർഡ് സംവിധാനത്തെ കുറിച്ച് പഠിക്കാനാണ് ഗുജറാത്ത് സന്ദർശനം. മൂന്ന് ദിവസത്തെ സന്ദർശനമാണിത്.
മികച്ച ഭരണ നിർവ്വഹണത്തിനായി സൃഷ്ടിച്ച വെർച്വൽ സംവിധാനമാണ് ഗുജറാത്തിലെ സിഎം ഡാഷ് ബോർഡ്. സംസ്ഥാന ഭരണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയുടെ വിരൽത്തുമ്പിൽ എത്തിക്കുന്ന രീതിയാണിത്. മുൻ മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാണിയാണ് ഈ പദ്ധതിക്ക് തടുക്കം കുറിച്ചത്. സർക്കാർ ഉദ്യോഗസ്ഥരെ ഉത്തരവാദിത്വമുള്ളവരാക്കി മാറ്റുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ഡാഷ് ബോർഡിലൂടെ ഗുജറാത്ത് മുഖ്യമന്ത്രിയ്‌ക്ക് സംസ്ഥാനത്തെ എല്ലാ സർക്കാർ സംവിധാനങ്ങളിൽ നിന്നും വിവരം ലഭിക്കും. വീട്ടിലിരുന്ന് പോലും ഓരോരോ നീക്കങ്ങൾ മുഖ്യമന്ത്രിയ്‌ക്ക് ലഭിക്കും. പദ്ധതികൾ വിലയിരുത്താനും പോരായ്മകൾ കണ്ട് തിരുത്താനും ഇതുവഴി അവസരമൊരുങ്ങി. സർക്കാർ ഉദ്യോഗസ്ഥരുടെമേൽ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള മേൽനോട്ടം വരുകയും ചെയ്തു.
വിവിധ ഇ-ഗവേണൻസ് ആപ്ലിക്കേഷനുകളിൽ നിന്ന് 20 സർക്കാർ മേഖലകളിലെ 3000 ത്തിൽ അധികം സൂചകങ്ങളുടെ ശേഖരണം നടത്തുകയും എല്ലാ പ്രധാന പങ്കാളികളെയും, അതായത് എല്ലാ സെക്രട്ടറിമാരെയും, ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ സമന്വയിപ്പിക്കയും ചെയ്യുന്ന പദ്ധതിയാണിത്. ഗുജറാത്തിൽ നിന്നും കേരളത്തിന് ഒന്നും പഠിക്കാനില്ലെന്ന നിലപാടാണ് സർക്കാർ മാറ്റിയിരിക്കുന്നത്.
Comments