തിരുവനന്തപുരം: ഭാരതീയ സംസ്‌കാരത്തെ കുറിച്ച് സംസാരിക്കുന്നവരൊക്കെ സംഘിയാണെങ്കിൽ തനിക്കതിൽ അഭിമാനമെന്ന് കശ്മീർ ഫയൽസ് സംവിധായകൻ വിവേക് അഗ്നിഹോത്രി. കശ്മീർ ഫയൽസ് സത്യം മാത്രം വിളിച്ചു പറഞ്ഞ സിനിമയാണെന്നും സത്യം പറഞ്ഞവരെ നിശബ്ദനാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിൽ പങ്കെടുക്കുന്നതിനിടെ ജനം ടിവിയ്‌ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കശ്മീർ ഫയൽസിന് പിന്നിൽ പ്രത്യേക അജണ്ടയുണ്ടെന്ന് പറയുന്നവരെ വിവേകമില്ലാത്തവർ എന്ന് താൻ വിളിക്കുമെന്ന് വിവേക് അഗ്നിഹോത്രി പറഞ്ഞു. കശ്മീരിൽ എന്താണ് നടന്നതെന്നതിന്റെ യഥാർത്ഥ്യമാണ് സിനിമ പറയുന്നത്. രാജ്യത്ത് മതത്തിന്റേയും രാഷ്‌ട്രീയത്തിന്റേയും പേരിൽ കൊലപാതകങ്ങൾ നടക്കുമ്പോൾ രാജ്യത്തിന്റെ പ്രതിച്ഛായയെ ബാധിക്കില്ലെന്നതും സിനിമ ചെയ്യുമ്പോൾ ബാധിക്കുന്നതും ഏത് അടിസ്ഥാനത്തിലാണെന്നും വിവേക് അഗ്നിഹോത്രി ചോദിച്ചു.
കശ്മീർ ഫയൽസിനെ വിമർശിച്ച ഡൽഹി മുഖ്യമന്ത്രി അവസരവാദിയാണെന്നും വിവേക് അഗ്നിഹോത്രി വിമർശിച്ചു. തനിക്ക് ഗുണകരമായ കാര്യങ്ങൾക്ക് വേണ്ടി എന്തും പറയുന്ന ആളാണ് കെജ്രിവാൾ. കശ്മീർ ഫയൽസ് എന്ന സിനിമ കാണാത്തവരാണ് തന്നെയും സിനിമയേയും വിമർശിക്കുന്നത്. കശ്മീരിലെ പണ്ഡിറ്റുകൾ നേരിടേണ്ടി വന്ന യാതനകളുടെ ഒരംശം മാത്രമാണ് താൻ സിനിമയിൽ പറയുന്നതെന്നും വിവേക് അഗ്നിഹോത്രി പറഞ്ഞു.
കണ്ണ് നനയിക്കുന്ന അനുഭവങ്ങളായിരുന്നു തനിക്ക് തീയേറ്ററിൽ നിന്നുമുണ്ടായത്. ഒരു ചരിത്ര നിയോഗമായാണ് സിനിമയെ കാണുന്നത്. കേരളത്തിലും സിനിമയ്‌ക്ക് ആസ്പദമാക്കാവുന്ന നിരവധി വിഷയങ്ങളുണ്ട്. മാപ്പിള കലാപത്തിന്റെ യാഥാർത്ഥ്യം ജനങ്ങൾ അറിയണമെന്നും വിവേക് അഗ്നിഹോത്രി പറഞ്ഞു. സ്വാമി വിവേകാനന്ദനെ സംഘിയെന്ന് വിളിക്കുന്ന നാട്ടിൽ തന്നേയും സംഘിയെന്ന് വിളിക്കുന്നതിൽ അഭിമാനമെയുള്ളൂവെന്നും വിവേക് അഗ്നിഹോത്രി പറഞ്ഞു.
















Comments