ഇസ്ലാമാബാദ്: കറാച്ചി യൂണിവേഴ്‌സിറ്റിയിലെ ചാവേർ സ്‌ഫോടനത്തിന് പിന്നാലെ കൂടുതൽ വനിത ചാവേറുകളുടെ സാന്നിധ്യം സംശയിച്ച് അന്വേഷണ സംഘം. ബലൂചിസ്താൻ ലിബറേഷൻ ആർമിയുടെ ഭാഗമായ കൂടുതൽ വനിതാ ചാവേറുകൾ തയ്യാറെടുക്കുന്നുവെന്നാണ് പാകിസ്താനിലെ അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സ്‌ഫോടനവുമായി ബന്ധപ്പെട്ട് പഞ്ചാബ് യൂണിവേഴ്‌സിറ്റിയിൽ നിന്നും ഒരാളെ ലാഹോർ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു മൂന്ന് ചൈനീസ് അദ്ധ്യാപകരുൾപ്പെടെ നാല് പേരുടെ മരണത്തിന് ഇടയാക്കിയ ചാവേർ ആക്രമണം നടന്നത്. കറാച്ചി യൂണിവേഴ്‌സിറ്റിയിലെ കൺഫ്യൂഷ്യസ് ഡിപ്പാർട്ട്‌മെന്റിന് സമീപമായിരുന്നു സ്‌ഫോടനം. തൊട്ടുപിന്നാലെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ബലൂചിസ്താൻ ലിബറേഷൻ ആർമി ഏറ്റെടുക്കുകയും ചെയ്തു.
തങ്ങളുടെ ആദ്യ വനിതാ ചാവേറാണെന്നും സംഘടന അകാശപ്പെട്ടിരുന്നു. രണ്ട് കുരുന്നുകളുടെ അമ്മയായ ഷാരി ബലൂച് എന്ന് പേരുള്ള സ്ത്രീയാണ് തങ്ങൾക്ക് വേണ്ടി ചാവേറായതെന്നും സംഘടന അറിയിച്ചു. വിദ്യാസമ്പന്നയായ ഷാരി സ്‌കൂൾ അദ്ധ്യാപിക കൂടിയായിരുന്നു.
ഇത്തരത്തിൽ മറ്റ് മൂന്ന് വനിതകളെ കൂടി സംഘടന സജ്ജമാക്കിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. നിലവിൽ പഞ്ചാബ് യൂണിവേഴ്‌സിറ്റിയിൽ നിന്നും അറസ്റ്റിലായ വിദ്യാർത്ഥി, ചാവേറായിരുന്ന ഷാരിയുടെ അയൽവാസിയാണ്. ഏഴാം സെമസ്റ്ററിൽ പഠിച്ചുകൊണ്ടിരിക്കുന്ന ഇംഗീഷ് സാഹിത്യ വിദ്യാർത്ഥിയായ ബേബാഗർ ഇംദാദ് ആണ് അറസ്റ്റിലായിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
















Comments