ബൊഗോട്ട: കൊളംബിയൻ തലസ്ഥാനമായ ബൊഗോട്ടയിൽ നിന്ന് 22 കിലോമീറ്റർ അകലെയുള്ള മോസ്‌ക്വറ എന്ന പട്ടണത്തിലെ ഒരു നദി എല്ലാവരെയും അത്ഭുതപ്പെടുത്തുകയാണ്. മലിനമായ ഈ നദിയിൽ നിന്നും താനെ ഉയരുന്ന പതയാണ് ഏവരെയും ഞെട്ടിക്കുന്നത്. പ്രദേശവാസികളുടെ വീടുകളുടെ വാതിലുകളിലും ജനലുകളുമെല്ലാം ഇവ പറ്റിപ്പിടിച്ചിരിക്കുകയാണ്. ഈ അത്ഭുത പ്രതിഭാസത്തെ തുടർന്ന് പ്രദേശവാസികൾ ഏറെ ദുരിതത്തിലാണ്.
നദിയിൽ നിന്നും പുറത്തേയ്‌ക്ക് വരുന്ന പതയ്‌ക്ക് ദുർഗന്ധമുണ്ട്. കാറ്റ് മൂലം ഈ പത സമീപ പ്രദേശങ്ങളിലേയ്‌ക്ക് വളരെ വേഗം എത്തുന്നു. അടുത്തിടെ പെയ്ത മഴയും, നദികളിലേക്ക് ഒഴുകുന്ന മറ്റ് ജലസ്രോതസുകളുടെയും സ്വാധീനത്താലും മലിനമായ നുരയുടെ അളവ് വർദ്ധിക്കുന്നതായി പ്രദേശത്തെ പരിസ്ഥിതി അതോറിറ്റി അറിയിച്ചു. മലിനമായ നുരയുമായി ആളുകൾ സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കണമെന്ന് പരിസ്ഥിതി അതോറിറ്റി നിർദ്ദേശിച്ചു.
എന്നാൽ ഇതാദ്യമായല്ല ഇത്തരത്തിൽ നദിയിൽ നിന്നും പത ഉയരുന്നതെന്ന് ചിലർ പറയുന്നു. ഇതിന് മുൻപ് ചെറിയ തോതിൽ ഈ പ്രതിഭാസം ഉണ്ടായിട്ടുണ്ടെന്നും, അന്ന് പതയുടെ അളവ് കുറവായിരുന്നെന്നും ആളുകൾ പറയുന്നു. ഇന്ന് മലിനീകരണത്തിന്റെ തോത് വർദ്ധിച്ചപ്പോൾ പതയുടെ അളവ് വർദ്ധിച്ച് ആളുകൾക്ക് വളരെ അധികം ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും പ്രദേശവാസികൾ കൂട്ടിച്ചേർത്തു.
2020 മുതൽ, മോസ്‌ക്വറയിൽ ഒരു മലിനജല ശുദ്ധീകരണ പ്ലാന്റ് പ്രവർത്തിച്ചുവരുന്നു. ഇവിടെ നിന്ന് ചില അപകടകാരികളായ രാസവസ്തുക്കൾ നദിയിലേയ്‌ക്ക് ഒഴുകുന്നു. അതാണ് നദിയിൽ നടക്കുന്ന ഈ പ്രതിഭാസത്തിന് കാരണമെന്നാണ് ചിലർ പറയുന്നത്. ഇതിന്റെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിനായി നദിയിലെ ജലവും പതയും പരിശോധനയ്‌ക്ക് വിധേയമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
















Comments