പാലക്കാട്: അട്ടപ്പാടിയിൽ വനവാസി യുവാവ് മധു ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട കേസിൽ വിചാരണ തുടങ്ങി. മണ്ണാർക്കാട് പട്ടികജാതി-പട്ടികവർഗ്ഗ പ്രത്യേക കോടതിയിലാണ് വിചാരണ ആരംഭിച്ചത്. രണ്ട് സാക്ഷികളെയാണ് ഇന്ന് വിസ്താരതതിന് വിളിപ്പിച്ചത്. മധുവിന്റെ ഊരുവാസിയായ വെള്ളങ്കരിയെ വിസ്തരിച്ചു. മധുവിന്റെ ഇൻക്വസ്റ്റ് തയ്യാറാക്കുമ്പോൾ സാക്ഷിയായിരുന്നു വെള്ളങ്കരി.
മധുവിന്റെ ദേഹത്ത് പരിക്കുണ്ടായിരുന്നെന്നും പോലീസ് കസ്റ്റഡിയിൽ വെച്ച് മരിച്ചതായാണ് സംശയിക്കുന്നതെന്നും ഒന്നാം സാക്ഷി കോടതിയിൽ പറഞ്ഞു. കേസിലെ 16 പ്രതികളും, മധുവിന്റെ അമ്മയും സഹോദരിയും കോടതിയിലെത്തിയിരുന്നു. മധു കൊല്ലപ്പെട്ട് നാല് വർഷത്തിനുശേഷമാണ് വിചാരണ ആരംഭിച്ചിരിക്കുന്നത്.
2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി മുക്കാലിയിൽ വനവാസി യുവാവ് മധു ആൾക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്. മധു കേസിനായി പ്രത്യേക പ്രോസിക്യൂട്ടറെ നിയമിച്ചിരുന്നെങ്കിലും അദ്ദേഹം ഹാജരാകാഞ്ഞത് വിചാരണ വൈകിപ്പിച്ചു. വിചാരണ നീണ്ട് പോകുന്നത് വലിയ വിവാദമായതോടെ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുകയായിരുന്നു.
















Comments