ശ്രീനഗർ: താഴ്‌വരയിലെ ഭീകരരുടെ എണ്ണം 150 നും താഴെയെത്തിച്ചെന്നും ഈ വർഷം അവസാനത്തോടെ 100ന് താഴെയെ എത്തിക്കുമെന്നും കശ്മീർ പോലീസ് മേധാവി വിജയ്കുമാർ.
ജമ്മുകശ്മീരിൽ 200 നടുത്ത് ഭീകരരുടെ സാന്നിദ്ധ്യമാണ് കഴിഞ്ഞവർഷം സൈന്യം തിരിച്ചറിഞ്ഞത്. ജമ്മുകശ്മീർ സ്വദേശികളായവർക്കൊപ്പം വിദേശികളായ ഭീകരരേയും കൃത്യമായി കണ്ടെത്തി വകവരുത്തുകയാണ് സൈന്യം. ഈ രീതിയിൽ മുന്നോട്ട് പോയാൽ സുരക്ഷാ സേനകൾ ഏറെ വിജയിക്കും. ഒരു ഭീകരർ പോലും ഇല്ലാത്ത ജമ്മുകശ്മീർ എന്ന നിലയിലേക്ക് ഒരു വർഷത്തിനകം എത്താനാകുമെന്നും വിജയ്കുമാർ പ്രത്യാശ പ്രകടിപ്പിച്ചു.
ഇന്നലെ ജമ്മുകശ്മീർ പോലീസ് പുറത്തുവന്ന റിപ്പോർട്ടിൽ 70 ഭീകരർ ഈ വർഷത്തിൽ കൊല്ലപ്പെട്ടെന്നാണ് കണക്ക്. ലഷ്‌കർ ഇ തൊയ്ബ, ജയ്‌ഷെ ഇ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദ്ദീൻ എന്നീ പ്രമുഖ സംഘത്തിൽപ്പെട്ടവരാണ് അധികവും കൊല്ലപ്പെട്ടത്. ഈമാസം മാത്രം 19 പേരെ വധിക്കാനായത് വലിയ നേട്ടമാണ്. ഇന്ന് ജമ്മുകശ്മീരിൽ ദീർഘകാല പരിചയമുള്ള ഒരു ഭീകരനും അവശേഷിക്കുന്നില്ല. അത് അവരുടെ നീക്കങ്ങളുടെ വേഗത കുറച്ചിട്ടുണ്ട്. ഇനി അവശേഷിക്കുന്നവരെല്ലാം പുതുതായി ഭീകര സംഘത്തിലേക്ക് എത്തിയവരാണെന്നും വിജയ്കുമാർ ചൂണ്ടിക്കാട്ടി.
ഭീകരസംഘടനകളുടെ കമാന്റർമാരെ കഴിഞ്ഞ മാസങ്ങളിൽ വകവരുത്താനായത് ഏറെ നിർണ്ണായകമാണെന്നും വിജയ്കുമാർ പറഞ്ഞു. ഇനി കൂറേക്കൂടി വേഗതയിൽ ഭീകരർ ക്കെതിരെ നീങ്ങാനാണ് സൈന്യം തീരുമാനിച്ചിട്ടുള്ളത്. പ്രാദേശിക ജനവിഭാഗങ്ങളുടെ സഹകരണം കൂടുതലായി ലഭിക്കുന്ന എല്ലാ സ്ഥലത്തും ഭീകരർക്കെതിരേയുള്ള നീക്കം വേഗത്തിലും ഫലപ്രദമായും നടക്കുമെന്നും വിജയ്കുമാർ പറഞ്ഞു.
















Comments