ന്യൂഡൽഹി: രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ചൂട് വർദ്ധിക്കുന്നു. ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും കനത്ത ചൂടാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. വേനൽക്കാലം തുടങ്ങുന്നതിന് ഒരു മാസം മുൻപ് തന്നെ ചൂട് ഉയർന്നതിനാൽ അടുത്ത മാസങ്ങളിൽ ഇനിയും ചൂട് വർദ്ധിക്കാനിടയാക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ പറയുന്നത്. രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ഡൽഹി, രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ്, ഒഡീഷ എന്നിവിടങ്ങളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. 45 ഡിഗ്രിയിൽ കൂടുതലാണ് ഇവിടെ റിപ്പോർട്ട് ചെയ്യുന്നതാപനില. അടുത്ത മൂന്ന് ദിവസങ്ങളിൽ ഈ സംസ്ഥാനങ്ങളിൽ രണ്ട് ഡിഗ്രിവരെ ചൂട് വർദ്ധിക്കാനും സാദ്ധ്യതയുണ്ട്. മഹാരാഷ്‌ട്രയിലെ ഉൾപ്രദേശങ്ങളിലും വലിയ താപനിലയാണ് രേഖപ്പെടുത്തുന്നത്. മുംബൈയിൽ കഴിഞ്ഞ 10 ദിവസമായി ഉയർന്ന താപനിലയാണുള്ളത്.
ഏപ്രിൽ 19 മുതൽ മുംബൈയിൽ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. എട്ട് വർഷങ്ങൾക്ക് ശേഷമുള്ള ഏറ്റവും ചൂടേറിയ ദിനങ്ങളിലൂടെയാണ് മുംബൈ നഗരം കടന്നു പോയത്. വിവിധയിടങ്ങളിൽ മരണവും ഉഷ്ണ തരംഗവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ചൂടിനെ നേരിടാൻ വിവിധ ഹീറ്റ് ആക്ഷൻ പ്ലാനുകൾ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി ഭരണാധികാരികൾ അറിയിച്ചു.
ഡൽഹിയിൽ നാല് ദിവസം കൂടി ഉഷ്ണ തരംഗം തുടരുമെന്നാണ് മുന്നറിയിപ്പ്. 72 വർഷത്തിനിടെ ഏറ്റവും കൂടുതൽ ചൂടേറിയ രണ്ടാമത്തെ നഗരമാണ് ഡൽഹിയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഐഎംഡിയുടെ കണക്കനുസരിച്ച്, ഡൽഹിയിൽ ഏറ്റവും ഉയർന്ന താപനിലയായ 46 ഡിഗ്രി സെൽഷ്യസ് എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ മെയ് രണ്ടിന് ശേഷം ചൂട് കുറയാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഈ സാഹചര്യത്തിൽ പകൽ സമയങ്ങളിൽ ആളുകൾ പുറത്തിറങ്ങുന്നതും ജോലി ചെയ്യുന്നതും സർക്കാർ വിലക്കിയിട്ടുണ്ട്. മുൻകരുതൽ സ്വീകരിക്കണമെന്ന് ആരോഗ്യ വിദഗ്ധരും അറിയിച്ചുണ്ട്. കേരളത്തിൽ ഇതിനോടകം എട്ട് ജില്ലകളിൽ താപനില 35 ഡിഗ്രി സെൽഷ്യസിന് മുകളിലാണ്. ഉഷ്ണക്കാറ്റുകൾ കൂടിയതാണ് ജനജീവിതം ദുസ്സഹമാകാൻ കാരണമായത്.
Comments