ലക്‌നൗ: യുപിയിൽ വർഗീയ പ്രകോപനം ഉണ്ടാക്കാനുളള ശ്രമം തുടർന്ന് മതമൗലിക വാദികൾ. പൊതുറോഡുകളിൽ നിസ്‌കരിക്കരുതെന്ന സർക്കാരിന്റെ നിർദേശത്തിനെതിരെ അള്ളാഹു അക്ബർ വിളിച്ച് പ്രതിഷേധവുമായി ഒരു കൂട്ടം മുസ്ലീം യുവാക്കൾ തെരുവിലിറങ്ങി. സഹ്രൻപൂരിലെ പള്ളിക്ക് മുന്നിലെ റോഡിലാണ് ഇവർ തടിച്ചുകൂടിയത്.
റംസാൻ കാലത്തെ അവസാന വെള്ളിയാഴ്ച പ്രാർത്ഥനകൾക്ക് ശേഷം, റോഡുകളിൽ നിസ്‌കരിക്കരുതെന്ന് സർക്കാർ നിർദേശിച്ചിരുന്നു. ഇന്ന് അൽവിദ ജുമാമസ്ജിദിൽ പ്രാർത്ഥനയ്‌ക്കായി എത്തിയവരാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. പ്രാർത്ഥനയ്‌ക്ക് ശേഷം ആളുകൾ പള്ളിയിൽ നിന്ന് പുറത്തിറങ്ങി റോഡിൽ തടിച്ചുകൂടി മുദ്രാവാക്യം വിളിക്കുകയായിരുന്നു.
അള്ളാഹു അക്ബർ വിളിച്ചും സംസ്ഥാന സർക്കാരിനെതിരെ മുദ്രാവാക്യം മുഴക്കിയുമായിരുന്നു പ്രതിഷേധം. റോഡ് പൂർണമായും ഉപരോധിച്ച് അരമണിക്കൂറിലേറെ ഇവർ മുദ്രാവാക്യം മുഴക്കി. അള്ളാഹു-അക്ബർ എന്ന ആവർത്തിച്ചുള്ള മുദ്രാവാക്യങ്ങൾ പ്രതിഷേധത്തിന്റെ വീഡിയോകളിൽ കേൾക്കാം.
യുപി സർക്കാർ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശം അനുസരിച്ച്, ജുമയ്‌ക്ക് പൊതുസ്ഥലങ്ങൾ ഉപയോഗിക്കരുതെന്ന് സഹരൻപൂരിലെ ജുമാമസ്ജിദ് കമ്മിറ്റി പ്രദേശത്തെ മുസ്ലീങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. ജില്ലയിലെ മുഴുവൻ മുസ്ലീങ്ങളോടും അവരുടെ പ്രാദേശിക പള്ളികളിൽ നിസ്‌കരിക്കണമെന്നും റോഡുകളും മാർക്കറ്റുകളും കൈവശപ്പെടുത്തരുതെന്നും പള്ളി അധികൃതർ ആവശ്യപ്പെട്ടിരുന്നു.
ഇതനുസരിച്ച് ജുമാമസ്ജിദിനുള്ളിൽ അൽവിദ ജുമാ നിസ്‌കാരം നടത്തിയെങ്കിലും നിസ്‌കാരത്തിന് ശേഷം തീരുമാനത്തിനെതിരെ പ്രതിഷേധിക്കാൻ മുസ്ലീം യുവാക്കൾ തെരുവിലിറങ്ങുകയായിരുന്നു. ഏത് ചെറിയ പ്രതികരണവും അക്രമത്തിന് കാരണമാകുമെന്നതിനാൽ, പ്രദേശത്തെ കടയുടമകളിലും നാട്ടുകാരിലും ഇത് പരിഭ്രാന്തി പടർത്തി.
പോലീസ് സ്ഥലത്തെത്തി സ്ഥിതി നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും പ്രതിഷേധക്കാർ പോലീസുകാരെയും അക്രമിക്കാൻ മുതിർന്നു. തുടർന്ന് പല പോലീസ് സ്റ്റേഷനുകളിൽനിന്നായി വൻ പോലീസ് സംഘം സ്ഥലത്തെത്തി ഗതാഗത തടസ്സം നീക്കി. റാപ്പിഡ് ആക്ഷൻ ഫോഴ്‌സിനെയും വിന്യസിച്ചു.
Comments