മുംബൈ: മുൻ ക്യാപ്റ്റൻ ഷെയ്ൻ വോണിനുള്ള സമർപ്പണമാണ് ഇന്നത്തെ രാജസ്ഥാൻ റോയൽസിന്റെ മത്സരമെന്ന് ടീം അറിയിച്ചു. ഷെയ്ൻ വോണിനോടുള്ള ആദരസൂചകമായി പ്രത്യേക ജേഴ്‌സി അണിഞ്ഞാണ് ടീം ഇന്ന് കളത്തിലിറങ്ങുന്നത്. മുംബൈ ഇന്ത്യൻസിനോടാണ് രാജസ്ഥാൻ ഇന്ന് ഏറ്റുമുട്ടുന്നത്. ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
2008ൽ നടന്ന ആദ്യ ഐപിഎല്ലിൽ ഷെയ്ൻ വോൺ നയിച്ച രാജസ്ഥാൻ കിരീടം ചൂടിയിരുന്നു. ഫൈനലിൽ ചെന്നൈയെ വീഴ്‌ത്തിയാണ് രാജസ്ഥാൻ ജേതാക്കളായത്. അതിനുശേഷം ഇതുവരെ രാജസ്ഥാൻ കപ്പടിച്ചിട്ടില്ല. ഇക്കുറി 8 മത്സരങ്ങളിൽ നിന്ന് 6 ജയത്തോടെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് സഞ്ജു സാംസണിന്റെ നേതൃത്വത്തിലുള്ള ടീം.
A special jersey, to honour a special man. #ForWarnie 💗#RoyalsFamily | #RRvMI pic.twitter.com/fE3WApOHIz
— Rajasthan Royals (@rajasthanroyals) April 29, 2022
ഷർട്ടിന്റെ കോളറിൽ ‘എസ്ഡബ്ല്യൂ23’ എന്ന് എഴുതിയ ജേഴ്‌സിയാണ് റോയൽസ് ഇന്ന് മത്സരത്തിനിറങ്ങുന്നത്. ഷെയ്ൻ വോണിന്റെ ജേഴ്‌സി നമ്പറായിരുന്നു 23. പ്രത്യേക ജേഴ്‌സി അണിഞ്ഞ് കളിക്കാനിറങ്ങുമെന്ന് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ റോയൽസ് അറിയിച്ചിരുന്നു. ഷെയ്ൻ വോണിന്റെ സഹോദരൻ ജേസൺ ഇന്ന് കളി കാണാൻ സ്‌റ്റേഡിയത്തിലെത്തും. രാജസ്ഥാന്റെ പ്രത്യേക ക്ഷണപ്രകാരമാണ് അദ്ദേഹം മത്സരം കാണാൻ എത്തുന്നത്.
Comments