പാലക്കാട്: സംസ്ഥാനത്ത് കണ്ടക്ടർ ഇല്ലാതെ ബസ് സർവ്വീസ് നടത്താൻ മോട്ടോർ വാഹന വകുപ്പിന്റെ അനുമതി. പാലക്കാട് കാടൻകാവിൽ കണ്ടക്ടർ ഇല്ലാതെ സർവ്വീസ് നടത്തിയ ബസിന് അനുമതി നിഷേധിച്ചിരുന്നു. എന്നാൽ പുതിയ പരീക്ഷണത്തെ തടയേണ്ടതില്ലെന്ന നിലപാടിലാണ് ഇപ്പോൾ മോട്ടോർ വാഹന വകുപ്പ്. നേരത്തെയുണ്ടായ നിർദ്ദേശത്തെ തുടർന്ന് കണ്ടക്ടറെ വെച്ച് ബസ് സർവ്വീസ് നടത്താൻ ബസ് ഉടമ തോമസ് കാടൻകാവിൽ തീരുമാനിച്ചിരുന്നു. എന്നാൽ പുതിയ നിർദ്ദേശം വന്ന സാഹചര്യത്തിൽ കണ്ടക്ടർ ഇല്ലാതെ ബസ് ഓടുമെന്ന് തോമസ് അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ചയാണ് കണ്ടക്ടർ ഇല്ലാതെ ജില്ലയിലെ ആദ്യ സിഎൻജി ബസ് സർവ്വീസ് ആരംഭിച്ചത്. തിങ്കളാഴ്‌ച്ചയും ചൊവ്വാഴ്ചയും കൃത്യമായി സർവ്വീസ് നടത്തിയിരുന്നു. ബുധനാഴ്ച രാവിലെ കണ്ടക്ടർ ഇല്ലാതെ സർവ്വീസ് നടത്തുന്നത് നിയമലംഘനമാണെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിക്കുകയായിരുന്നു. ഈ നിർദ്ദേശമാണ് മോട്ടോർ വാഹന വകുപ്പ് തിരുത്തിയത്. കണ്ടക്ടർ ഇല്ലാത്തതിനാൽ യാത്രക്കാർ ബസിൽ സ്ഥാപിച്ച ബോക്സിൽ യാത്രാ ചാർജ് നിക്ഷേപിക്കുന്ന തരത്തിലാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയിരുന്നത്. പണമില്ലാത്തവർക്കും യാത്ര ചെയ്യാം. അത് തൊട്ടടുത്ത ദിവസങ്ങളിൽ നിക്ഷേപിച്ചാൽ മതിയാവും.
വടക്കഞ്ചേരിയിൽനിന്നു തുടങ്ങി നെല്ലിയാമ്പാടം, തെന്നിലാപുരം, ഇരട്ടക്കുളം വഴി ആലത്തൂരിലേക്കും തിരിച്ച് വടക്കഞ്ചേരിയിലേക്കുമാണ് ബസ് സർവീസ് നടത്തുന്നത്.
കണ്ടക്ടറും ക്ലീനറും ഇല്ല എന്നതിനാൽ സുരക്ഷയുടെ കാര്യത്തിൽ ബസ്സിൽ ആശങ്ക വേണ്ട. ബസ്സിൽ മുഴുവൻ സിസിടിവി ക്യാമറ ഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ വാതിലുകൾ ഓട്ടോമാറ്റിക്കുമാണ്. 33 സീറ്റുള്ള ബസാണിത്. ദിവസേന ഏഴ് ട്രിപ്പുകളാണ് നടത്തുന്നത്.
















Comments