മുംബൈ : ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ നയിക്കാൻ വീണ്ടും മഹേന്ദ്ര സിംഗ് ധോണി തന്നെ. രവീന്ദ്ര ജഡേജ നായകസ്ഥാനം മുൻ നായകനായിരുന്ന ധോണിക്ക് കൈമാറി. ടീമിന്റെ താൽപര്യം കണക്കിലെടുത്താണ് നായകസ്ഥാനം ജഡേജ ധോണിക്ക് കൈമാറുന്നതെന്ന് ചെന്നൈ സൂപ്പർ കിംഗ്‌സ് ട്വിറ്ററിൽ വ്യക്തമാക്കി.
ഈ സീസണിൽ വൻ തോൽവികൾ നേരിട്ട ചെന്നൈ സൂപ്പർകിംഗ്‌സിന് എട്ട് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമേ ജയിക്കാനായിരുന്നുള്ളൂ. ഇനിയുള്ള ആറ് മത്സരങ്ങളിലും ജയിച്ചാൽ മാത്രമേ ചെന്നൈക്ക് പ്ലേ ഓഫിൽ പ്രവേശിക്കാൻ സാധിക്കൂ.
ക്യാപ്റ്റനെന്ന നിലയിൽ ജഡേജയ്‌ക്ക് മികച്ച പ്രകടനം കാഴ്ചവെക്കാനാകുന്നില്ലെന്ന് ടീമംഗങ്ങളിൽ നിന്ന് തന്നെ വിമർശനം ഉയർന്നിരുന്നു. കളിയിൽ നിർണായക തീരുമാനങ്ങളെല്ലാം എടുക്കുന്നതും ധോണിയായിരുന്നു. ഇതാണ് ധോണിയെ വീണ്ടും നായകസ്ഥാനത്തേക്ക് തിരഞ്ഞെടുക്കാൻ കാരണം.
ഈ സീസണിന്റെ ആദ്യമാണ് ചെന്നൈ ടീമിന്റെ നായകസ്ഥാനം ധോണി ജഡേജക്ക് കൈമാറിയത്. ധോണിക്കും സുരേഷ് റെയ്‌നക്കും ശേഷം ചെന്നൈയുടെ നായകനാകുന്ന മൂന്നാമത്തെ കളിക്കാരനായിരുന്നു രവീന്ദ്ര ജഡേജ. 2010ൽ ധോണിയുടെ അഭാവത്തിൽ ചെന്നൈയെ നാലു മത്സരങ്ങളിൽ റെയ്‌ന നയിച്ചിരുന്നു.
Comments