ലക്‌നൗ : ഗോരഖ്‌നാഥ് ക്ഷേത്രം ആക്രമിച്ച അഹമ്മദ് മുർത്താസ അബ്ബാസിയ്‌ക്ക് പാക് ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി അടുത്ത ബന്ധമെന്ന് കണ്ടെത്തൽ. ഭീകരരുമായി ഇയാൾ ബന്ധം സ്ഥാപിച്ചിരുന്നെന്നും ഇവരെ നിരന്തരം വിവരങ്ങൾ അറിയിച്ചിരുന്നുവെന്നും തീവ്രാവാദ വിരുദ്ധ സംഘം കണ്ടെത്തി. യുപി എഡിജി പ്രശാന്ത് കുമാറാണ് ഇക്കാര്യം അറിയിച്ചത്.
ഫേസ്ബുക്ക്, ടെലഗ്രാം, ട്വിറ്റർ എന്നീ സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമിലൂടെയാണ് ഇയാൾ ഭീകരരുമായി ബന്ധപ്പെട്ടത്. 2013ലും 2020ലും അബ്ബാസി ഐഎസിന്റെ അനുബന്ധ ഭീകരസംഘടനയിൽ ചേരുമെന്ന് പ്രതിജ്ഞയെടുത്തിരുന്നുവെന്ന് യുപി എഡിജി അറിയിച്ചു.
വർഷങ്ങളായി യൂറോപ്പിലെയും അമേരിക്കയിലെയും ഐസിസ് അനുകൂലികൾക്ക് ഇയാൾ ധനസഹായം നൽകിയിരുന്നു. ക്ഷേത്രത്തിന് പുറത്ത് പോലീസിന്റെ റൈഫിളുകൾ തട്ടിയെടുത്ത് ആക്രമണം നടത്താനും പ്രതികൾ പദ്ധതിയിട്ടിരുന്നതായി യുപി എടിഎസ് അന്വേഷണത്തിൽ കണ്ടെത്തി. രാജ്യത്തെ നിർണായക വിവരങ്ങൾ ഐഎസ് ഭീകരർ ചോർത്തി നൽകി എന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്.
2014 ൽ, മുർത്താസുമായി ബന്ധമുണ്ടായിരുന്ന ഐഎസ് ഭീകരൻ മസൂദിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തീവ്ര മതപ്രഭാഷകരുടെയും ഐസിസ് ജിഹാദികളുടെയും വീഡിയോകളാണ് ഇയാളെ സ്വാധീനിച്ചത്. ഇയാളുടെ അക്കൗണ്ടിൽ നിന്ന് ഏകദേശം 8 ലക്ഷം രൂപ യൂറോപ്പിലെയും യുഎസിലെയും ഐസിസ് അനുകൂലികൾക്ക് ധനസഹായം നൽകാൻ ഉപയോഗിച്ചിരുന്നു എന്നും പ്രശാന്ത് കുമാർ വെളിപ്പെടുത്തി.
ഏപ്രിൽ 3 നാണ് അഹമ്മദ് മുർത്താസ് അബ്ബാസി ഗോരഖ്പൂരിലെ ഗോരഖ്‌നാഥ് ക്ഷേത്രത്തിന് പുറത്ത് പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ക്ഷേത്രം സന്ദർശിക്കുന്നതിന് ഒരു ദിവസം മുൻപായിരുന്ന സംഭവം. മൂർച്ചയേറിയ ആയുധം കൊണ്ട് അബ്ബാസിയുടെ ആക്രമണത്തിൽ രണ്ട് പോലീസുകാർക്ക് ഗുരുതരമായി പരിക്കേറ്റു. പോലീസ് ഉദ്യോഗസ്ഥർ പ്രതിയെ മർദിച്ചപ്പോൾ രക്ഷപ്പെട്ട അബ്ബാസിക്കൊപ്പം മറ്റൊരാൾ കൂടി ഉണ്ടായിരുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Comments