തിരുവനന്തപുരം: ഗുജറാത്ത് മോഡൽ പഠിക്കാൻ പോയ ചീഫ് സെക്രട്ടറി വി.പി ജോയ് സംസ്ഥാനത്ത് തിരിച്ചെത്തി. വിവിധ വകുപ്പുകളുടെ പ്രവർത്തനം തത്സമയം മുഖ്യമന്ത്രിയ്‌ക്ക് വിലയിരുത്താൻ കഴിയുന്ന സിഎം ഡാഷ് ബോർഡ് സംവിധാനത്തെ കുറിച്ചാണ് പ്രധാനമായും പഠിച്ചത്. മുഖ്യമന്ത്രിയുടെ ഡാഷ് ബോർഡ് സംവിധാനത്തിന് പുറമെ ഗുജറാത്തിലെ മറ്റ് വികസന മാതൃകകളും ചീഫ് സെക്രട്ടറി വിലയിരുത്തി.
സന്ദർശനം സംബന്ധിച്ച് വിശദാംശങ്ങൾ റിപ്പോർട്ടായി വി.പി ജോയ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ വിശദമായി ചർച്ച നടത്തും. വി.പി ജോയിയ്‌ക്കൊപ്പം ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസർ എൻഎസ്.കെ ഉമേഷാണ് ഗുജറാത്തിലെത്തിയത്. ഡാഷ് ബോർഡ് സോഫ്റ്റ് വെയറും സാങ്കേതികവിദ്യയും കേരളത്തിന് കൈമാറാൻ തയ്യാറാണെന്ന് ഗുജറാത്ത് സർക്കാർ അറിയിച്ചിട്ടുണ്ട്.
ഏപ്രിൽ 27നാണ് സംഘം ഗുജറാത്തിലേക്ക് തിരിച്ചത്. 2019 ൽ വിജയ് രൂപാണി സർക്കാർ കൊണ്ടു വന്നതാണ് ഗുജറാത്ത് ചീഫ് മിനിസ്റ്റേഴ്സ് ഡാഷ് ബോർഡ് സിസ്റ്റം. പ്രധാനമന്ത്രിയുടെ ഉപദേശ പ്രകരമാണ് ഗുജറാത്ത് സന്ദർശനം എന്നാണ് വി.പി ജോയ് ഗുജറാത്ത് ചീഫ് സെക്രട്ടറി പങ്കജ് കുമാറിന് അയച്ച കത്തിൽ വ്യക്തമാക്കിയിരുന്നത്. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്‌ച്ചയിൽ ഗുജറാത്തിലെ ഡാഷ് ബോർഡ് സംവിധാനം മികച്ചതാണെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നു.
















Comments