ന്യൂഡൽഹി: രാജ്യത്തെ 12-14 വയസിനിടയിലുള്ള കൗമാരക്കാരിൽ 60 ശതമാനത്തിലധികം പേരും കൊറോണ പ്രതിരോധ വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. വാക്സിനേഷനെടുത്ത എന്റെ എല്ലാ യുവ സുഹൃത്തുക്കൾക്കും അഭിനന്ദനങ്ങൾ. നിങ്ങളെയോർത്ത് അഭിമാനിക്കുന്നു. ഈ മുന്നേറ്റം നമുക്ക് തുടർന്ന് പോകാമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ട്വീറ്റ് ചെയ്തു.
2022 മാർച്ച് 16നാണ് 12-14 വയസിനിടയിലുള്ളവർക്ക് കുത്തിവെയ്പ്പ് ആരംഭിച്ചത്. ഇതുവരെയുള്ള കണക്ക് പ്രകാരം 2.86 കോടിയിലധികം കൗമാരക്കാർ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് കഴിഞ്ഞു. 12-14 വയസിനിടയിലുള്ളവരിൽ 2,86,98,710 പേർക്ക് ആദ്യ ഡോസും 65,99,218 പേർക്ക് രണ്ടാം ഡോസും നൽകി. 15-18 വയസിനിടയിലുള്ളവർ 5,84,25,991 ആദ്യ ഡോസുകളും 4,22,40,428 രണ്ടാം ഡോസുകളും സ്വീകരിച്ചു. 60 വയസിനു മുകളിലുള്ള പ്രായമായവർക്ക് 12.68 കോടി ആദ്യ ഡോസും 11.70 കോടി രണ്ടാം ഡോസും 1.49 കോടി മുൻകരുതൽ ഡോസും ഇതുവരെ നൽകി.
18-59 വയസിനടയിലുള്ളവർക്ക് കരുതൽ ഡോസ് വാക്‌സിനെടുക്കാനും ആരംഭിച്ചിട്ടുണ്ട്. ഏപ്രിൽ 10 മുതലാണ് ഇതിന് തുടക്കമിട്ടത്. ശനിയാഴ്ച രാവിലെ 7 മണിവരെയുള്ള റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിലാകെ 188.89 കോടി ഡോസ് വാക്‌സിൻ ഇതുവരെ വിതരണം ചെയ്തിട്ടുണ്ട്.
















Comments