ബെയ്ജിങ്: മധ്യ ചൈനയിലെ ഹുനാൻ പ്രവിശ്യയിൽ കെട്ടിടം തകർന്ന് വീണ് നാൽപതോളം പേരെ കാണാനില്ലെന്ന് റിപ്പോർട്ട്. ആറ് നില കെട്ടിടമാണ് തകർന്ന് വീണത്. കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താൻ സാധ്യമായ എല്ല പരിശ്രമങ്ങളും നടത്തണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിങ് പിങ് ഉത്തരവിട്ടു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏകദേശം 700 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടം വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടത്തിൽപ്പെട്ടത്. കെട്ടിട ഉടമയെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. 23 പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. എന്നാൽ അപകടത്തിന് പിന്നാലെ 39 പേരെ കാണാനില്ലെന്ന പരാതി സുരക്ഷ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്. നിലവിൽ അഞ്ച് പേരെയാണ് രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് കെട്ടിടത്തിലെ താമസക്കാർ ചില അറ്റക്കുറ്റപ്പണികൾ നടത്തിയിരുന്നതായി റിപ്പോർട്ടുകളുണ്ട്. കെട്ടിടത്തിന്റെ ഘടനയിൽ വന്ന മാറ്റം തകർന്ന് വീഴുന്നതിന് കാരണമായോയെന്ന കാര്യം പരിശോധിച്ച് വരികയാണ്. എന്ത് വില കൊടുത്തും കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തണമെന്നും അപകടത്തിന്റെ കാരണം കണ്ടെത്തണമെന്നുമാണ് ചൈനീസ് സർക്കാരിന്റെ നിർദേശം.
അതേസമയം ചൈനയിൽ കെട്ടിടങ്ങൾ തകർന്ന് വീഴുന്നത് അസാധാരണമല്ലെന്നാണ് മാദ്ധ്യമ വാർത്തകൾ സൂചിപ്പിക്കുന്നത്. മോശം രീതിയിലുള്ള നിർമാണവും സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാത്തതും മൂലം വമ്പൻ കെട്ടിടങ്ങൾ പലപ്പോഴായി ചൈനയിൽ തകർന്ന് വീണിട്ടുണ്ട്.
















Comments