തിരുവനന്തപുരം: പി.സി ജോർജിന് ഹിന്ദു ഐക്യവേദിയുടെ പൂർണ പിന്തുണയുണ്ടെന്ന് കെ.പി ശശികല ടീച്ചർ. ചില സത്യങ്ങൾ പറഞ്ഞതിനാണ് പി.സി ജോർജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ജിഹാദികൾക്ക് കീഴ്‌പ്പെട്ട ഭരണകൂടമാണ് കേരളത്തിലുള്ളതെന്നും ശശികല ടീച്ചർ പറഞ്ഞു.
സമൂഹത്തിന്റെ ആശങ്കകൾ പങ്കുവയ്‌ക്കുക എന്ന ഉത്തരവാദിത്വം നേതാക്കൾക്കുണ്ട്. ആശങ്കകൾ ചർച്ച ചെയ്യുന്നതിന് വേണ്ടിയാണ് കാര്യങ്ങൾ പറയുന്നത്. വാർത്തകൾ അറസ്റ്റിലേയ്‌ക്ക് ചുരുക്കി പിസി ജോർജ്ജ് ഉന്നയിച്ച ആരോപണങ്ങൾ തേച്ചുമായ്ച്ചുകളയാനാണ് സർക്കാരിന്റെ ശ്രമമെന്നും ശശികല ടീച്ചർ പറഞ്ഞു.
ഇന്ന് പുലർച്ചെ ഈരാട്ടുപേട്ടയിലെ വീട്ടിലെത്തിയാണ് പി.സി ജോർജ്ജിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ പി.സി ജോർജ്ജ് നടത്തിയ പരാമർശങ്ങളുടെ പേരിലായിരുന്നു നടപടി.
ടിപ്പു തികഞ്ഞ വർഗീയവാദിയാണെന്നും മുസ്ലീങ്ങൾ അല്ലാത്തവരെ കൊന്നൊടുക്കുകയായിരുന്നുവെന്നും ലൗ ജിഹാദ് കേരളത്തിൽ ഉണ്ടെന്നും ഉൾപ്പെടെയുളള യാഥാർത്ഥ്യങ്ങളാണ് പി.സി ജോർജ്ജ് തുറന്നടിച്ചത്. തന്റെ പ്രസ്താവനകളുടെ പേരിൽ ആരെങ്കിലും തൂക്കിക്കൊല്ലാൻ വിധിക്കുമോയെന്ന് നോക്കട്ടെയെന്നും പി.സി ജോർജ്ജ് വെല്ലുവിളിച്ചിരുന്നു.
തുടർന്ന് പരാമർശം വിദ്വേഷ പ്രചാരണമായിരുന്നുവെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി പി.സി ജോർജ്ജിനെതിരെ കേസെടുത്തു. നിലവിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പി.സി ജോർജ്ജിനെ അറസ്റ്റ് ചെയ്തിരിക്കുകയാണ്.
പി.സി ജോർജ്ജിനെ അറസ്റ്റ് ചെയ്ത നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കടുത്ത ലംഘനമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. മുസ്ലീം ലീഗിനെ പ്രീണിപ്പിക്കാനാണ് സർക്കാരിന്റെ ശ്രമമെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യരും പ്രതികരിച്ചു.
















Comments