ന്യൂഡൽഹി: ചീഫ് സെക്രട്ടറി വിപി ജോയും സ്റ്റാഫ് ഓഫീസർ എൻഎസ് കെ ഉമേഷും ഗുജറാത്ത് സന്ദർശനം ഗുജറാത്ത് വികസന മോഡൽ പഠിക്കാനല്ലെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.സംഘം പോയത് ഡാഷ് ബോർഡിനെ കുറിച്ച് പഠിക്കാനാണെന്നും ഈ കാര്യത്തിൽ കൂടുതൽ പ്രതികരിക്കേണ്ടത് സംസ്ഥാന സർക്കാരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം ഗുജറാത്ത് മോഡൽ പഠിക്കാൻ പോയ ചീഫ് സെക്രട്ടറി വി.പി ജോയും സംഘവും സംസ്ഥാനത്ത് തിരിച്ചെത്തി. വിവിധ വകുപ്പുകളുടെ പ്രവർത്തനം തത്സമയം മുഖ്യമന്ത്രിയ്‌ക്ക് വിലയിരുത്താൻ കഴിയുന്ന സിഎം ഡാഷ് ബോർഡ് സംവിധാനത്തെ കുറിച്ചാണ് പ്രധാനമായും സംഘം പഠിച്ചത്. മുഖ്യമന്ത്രിയുടെ ഡാഷ് ബോർഡ് സംവിധാനത്തിന് പുറമെ ഗുജറാത്തിലെ മറ്റ് വികസന മാതൃകകളും ചീഫ് സെക്രട്ടറി വിലയിരുത്തിയെന്നാണ് റിപ്പോർട്ട്.
സന്ദർശനം സംബന്ധിച്ച വിശദാംശങ്ങൾ റിപ്പോർട്ടായി വി.പി ജോയ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ വിശദമായി ചർച്ച നടത്തും. ഡാഷ് ബോർഡ് സോഫ്റ്റ് വെയറും സാങ്കേതികവിദ്യയും കേരളത്തിന് കൈമാറാൻ തയ്യാറാണെന്ന് ഗുജറാത്ത് സർക്കാർ അറിയിച്ചിട്ടുണ്ട്.
അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ നടത്തിയ ചർച്ചയെ തുടർന്നാണ് ഗുജറാത്ത് മോഡൽ പഠിക്കാൻ രണ്ടംഗ സംഘത്തെ അയക്കാൻ തീരുമാനിച്ചത്.
















Comments