ലക്നൗ : രാമനവമി, ഹനുമാൻ ജയന്തി ആഘോഷങ്ങൾക്കിടെ ആക്രമണങ്ങൾ ഉണ്ടായ സാഹചര്യത്തിൽ റംസാന് മുന്നോടിയായി വൻ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി സംസ്ഥാനങ്ങൾ.
രാമനവമി അക്രമത്തിന്റെ പശ്ചാത്തലത്തിൽ മദ്ധ്യപ്രദേശിലെ ഇൻഡോർ ഖാർഗോണിൽ കർഫ്യൂ ഏർപ്പെടുത്തി. അതേസമയം, യുപിയിലെ മീററ്റിൽ ഘോഷയാത്രകൾക്കും വിലക്കേർപ്പെടുത്തി. ഇതിന് പുറമെ തലസ്ഥാനമായ ലക്നൗവിൽ സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിച്ചിട്ടുണ്ട്.
മെയ് 2 അല്ലെങ്കിൽ മെയ് 3 നാകും ഇവിടെ ഈദ് ആഘോഷിക്കുക. അതേ സമയം, ഹിന്ദുക്കളുടെ വിശുദ്ധ ആഘോഷമായ അക്ഷയ തൃതീയയും മെയ് 3 നാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് ഒരേ ദിവസം വരുന്ന ഉത്സവങ്ങൾക്ക് കനത്ത സുരക്ഷ ഒരുക്കിയിരിക്കുന്നത്. ജാർഖണ്ഡ്, ജമ്മു കശ്മീർ, തുടങ്ങി നിരവധി സംസ്ഥാനങ്ങളും നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്ത സുരക്ഷയാണ് യുപിയിൽ ഒരുക്കിയിരിക്കുന്നത് . കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിരോധനത്തിന് ശേഷം രണ്ട് വർഷത്തിന് ശേഷമാണ് ഈദ് ആഘോഷിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ഈദ് നമസ്‌കാരത്തിന് തലസ്ഥാനമായ ലക്നൗവിൽ സുരക്ഷാ സംവിധാനം ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന പ്രാർഥനയിലും പോലീസ് ജാഗ്രത പാലിച്ചു.
ഈദിന് തലേന്ന് മുസ്ലീം ആധിപത്യമുള്ള ഹാഷിംപുര മേഖലയിൽ ജാഗരൺ സംഘടിപ്പിക്കാൻ പദ്ധതിയിടുന്ന സംഘടനകൾക്ക് പോലീസ് അനുമതി നൽകിയിട്ടില്ല. മെയ് 2, 3 തീയതികളിൽ മദ്ധ്യപ്രദേശിലെ ഖാർഗോണിൽ കർഫ്യൂ ഉണ്ടാകും . വീടുകളിലാകും പെരുന്നാൾ നിസ്‌കാരം നടക്കുക. അക്ഷയ തൃതീയയിലും പരശുരാമ ജയന്തിയിലും ജില്ലയിൽ ഒരു പരിപാടിയും സംഘടിപ്പിക്കാൻ അനുവദിക്കില്ലെന്ന് ഖാർഗോൺ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് സുമർ സിങ് മുജൽദ പറഞ്ഞു.
ഈദ് പ്രമാണിച്ച് പൂനെയിൽ ആഘോഷങ്ങൾ നടത്തേണ്ടതില്ലെന്നാണ് പള്ളി കമ്മിറ്റികളുടെ തീരുമാനം. പൂനെയിലെ അഞ്ച് പള്ളികളുടെയും മറ്റ് മുസ്ലീം സമുദായാംഗങ്ങളുടെയും അധികാരികൾ ഈദ് ആഘോഷങ്ങളിൽ ഡിജെ സംഗീതം പാടില്ലെന്നും നിർദേശിച്ചു.
ജാർഖണ്ഡിലെ വിവിധ ജില്ലകളിലും സുരക്ഷാ സ്ഥിതിഗതികൾ അവലോകനം ചെയ്തു. ബൊക്കാറോയിൽ, ജില്ലാ മജിസ്‌ട്രേറ്റും എസ്പിയും എല്ലാ ബിഡിഒമാരുമായും സിഒമാരുമായും യോഗം നടത്തുകയും എല്ലായിടത്തും സമാധാന സമിതികൾ രൂപീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ജംഷഡ്പൂരിൽ ഈ കാലയളവിൽ ആരെങ്കിലും കിംവദന്തികൾ പ്രചരിപ്പിക്കുകയോ അപകീർത്തികരമായ പോസ്റ്റുകൾ ഇടുകയോ ചെയ്താൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
Comments