എറണാകുളം : വിഷുക്കാലം കഴിഞ്ഞും കൈനീട്ടം നൽകുന്നത് തുടർന്ന് നടനും മുൻ എംപിയുമായ സുരേഷ് ഗോപി. താരസംഘടനയായ അമ്മയുടെ പരിപാടിയ്‌ക്കെത്തിയപ്പോഴാണ് അദ്ദേഹം സഹതാരങ്ങൾക്ക് വിഷുക്കൈനീട്ടം നൽകിയത്. ഓരോ രൂപയുടെ നോട്ടാണ് അദ്ദേഹം കൈനീട്ടമായി നൽകിയത്.
വിഷുക്കൈനീട്ടം വാങ്ങിയതിന് പിന്നാലെ ഇതിന്റെ ചിത്രം ടിനി ടോം ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. സുരേഷ് ഗോപിയിൽ നിന്നും കൈനീട്ടം വാങ്ങുന്നതിന്റെ ചിത്രമാണ് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചത്. സുരേഷ് ഗോപി, അമ്മയുടെ ഓഫീസിൽ, കൈനീട്ടവും കിട്ടിയെന്നായിരുന്നു ചിത്രത്തിന്റെ അടിക്കുറിപ്പ്. കൈനീട്ടം വാങ്ങാനെത്തിയ മറ്റുതാരങ്ങളും സുരേഷ് ഗോപിയുടെ അടുത്ത് ഉണ്ടായിരുന്നു.
നേരത്തെ സുരേഷ് ഗോപി കൈനീട്ടം നൽകിയത് വിവാദമാക്കിക്കൊണ്ട് ഒരു വിഭാഗം രംഗത്ത് വന്നിരുന്നു. തൃശ്ശൂരിൽ കൈനീട്ടം വിതരണം ചെയ്യുന്നതിനിടെ ആളുകൾ അദ്ദേഹത്തിന്റെ കാൽതൊട്ട് വന്ദിച്ചിരുന്നു. ഇതാണ് വിവാദത്തിന് തിരികൊളുത്തിയത്.
25 വർഷങ്ങൾക്ക് ശേഷമാണ് അമ്മയുടെ പരിപാടിയിൽ സുരേഷ് ഗോപി എത്തുന്നത്. 1997 ൽ സംഘടനയുമായി ഉണ്ടായ തർക്കത്തെ തുടർന്ന് അദ്ദേഹം ദീർഘനാളായി വിട്ട് നിൽക്കുകയായിരുന്നു.
Comments