തിരുവനന്തപുരം: പ്ലസ്ടു ഉത്തരസൂചികയുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം മൂല്യനിർണയത്തെ ബാധിക്കില്ലെന്ന് ആവർത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഉത്തരസൂചിക പുതുക്കുമെന്ന് അദ്ദേഹം പറഞ്ഞു. മറ്റെന്നാൾ മുതൽ സമിതി നിർദ്ദേശിക്കുന്ന സൂചിക പ്രകാരം മൂല്യനിർണയം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
അദ്ധ്യാപകർക്കെതിരേയും അന്വേഷണം ഉണ്ടാകും.മൂല്യനിർണയം ബഹിഷ്‌കരിച്ച അദ്ധ്യാപകർക്കെതിരെയാണ് അന്വേഷണം. പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയാണ് അന്വേഷണം നടത്തുക. ഉത്തര സൂചികയുടെ അപാകത കണ്ടെത്തി റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ സെക്രട്ടറി മുഹമ്മദ് ഹനീഷിനെ ചുമതലപ്പെടുത്തിയെന്ന് അദ്ദേഹം വ്യക്തമാക്കി.
ഉത്തരസൂചികയിലെ വിവരങ്ങൾ പുറത്തുവിട്ട അദ്ധ്യാപകർക്ക് നോട്ടീസ് നൽകുമെന്നും വിദ്യാർത്ഥികളുടെ ഭാവി വെച്ചാണ് ചില അദ്ധ്യാപകർ പന്താടുന്നതെന്നും മന്ത്രി ആരോപിച്ചു.കെമിസ്ട്രി ഉത്തരസൂചിക പുന: പരിശോധിക്കുമെന്നും പരിശോധിക്കാൻ സമിതിയെ നിയോഗിച്ചെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു. 12 അദ്ധ്യാപകർക്കെതിരെ അച്ചടക്ക നടപടിക്ക് നോട്ടീസ് നൽകി.
കെമിസ്ട്രി പരീക്ഷാ ഉത്തര സൂചികയിലെ അപാകതകൾ കണ്ടെത്താൻ 15 അംഗ സമിതിയെ നിയോഗിച്ചു.വിദഗ്ധ സമിതി നാളെ യോഗം ചേരും. നാളെത്തന്നെ റിപ്പോർട്ട് നൽകാൻ സമിതിയോട് ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.പുതിയ ഉത്തര സൂചിക നൽകാനും സമിതിക്കും നിർദ്ദേശം നൽകിയെന്ന് മന്ത്രി വ്യക്തമാക്കി.ഇതുവരെ നോക്കിയ 28,000 പേപ്പറുകൾ പുതിയ ഉത്തരസൂചിക പ്രകാരം വീണ്ടും പരിശോധിക്കും. ഫലപ്രഖ്യാപനം സമയബന്ധിതമായി നടത്തുമെന്നും മന്ത്രി ഉറപ്പ് നൽകി.
പരീക്ഷാ സംബന്ധിച്ച രഹസ്യ കാര്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നുണ്ട്. ചോദ്യപേപ്പർ നിർമ്മിക്കുന്ന അദ്ധ്യാപകർ തന്നെ ഉത്തര സൂചികയും നൽകും.വ്യാജ വാർത്തകൾ ചില അദ്ധ്യാപകർ പ്രചരിപ്പിക്കുന്നു. ഇത് രക്ഷകർത്താക്കൾക്കിടയിലും വിദ്യാർത്ഥികൾക്കിടയിലും ആശങ്ക ഉണ്ടാക്കി.ഇതിന്റെ ഉറവിടം കണ്ടെത്തി നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാർ വിരുദ്ധ നിലപാട് ചില അദ്ധ്യാപകർ സ്വീകരിക്കുന്നു.പ്രതിഷേധങ്ങൾ പരീക്ഷാ സംവിധാനത്തെ അട്ടിമറിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.വാശി കാണിച്ച് റിസൾട്ട് മാറ്റാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
മുൻവർഷം ഫിസിക്‌സ് പരീക്ഷയിൽ അദ്ധ്യാപകർ സമാനമായി പ്രതിഷേധ രീതി നടത്തി.ഇത്തരം അദ്ധ്യാപകർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വർഷം ബഷ്‌കരണം വരെ മൂല്യനിർണ്ണയം സംബന്ധിച്ച പരാതികൾ അദ്ധ്യാപകർ അറിയിച്ചില്ല.വാരിക്കോരി മാർക്ക് നൽകുന്നത് അനുവദിക്കാനാകില്ലെന്ന് അദ്ദേഹം ആവർത്തിച്ചു.
















Comments