ന്യൂഡൽഹി: ലക്ഷദ്വീപ് സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിൽ നിന്നും മാംസം ഒഴിവാക്കാനുളള ദ്വീപ് ഭരണകൂടത്തിന്റെ ഉത്തരവിൽ സുപ്രീംകോടതി കേന്ദ്രസർക്കാരിന്റെ നിലപാട് തേടി. ദ്വീപ് ഭരണകൂടത്തിന്റെ നിർദ്ദേശം ചോദ്യം ചെയ്ത് നൽകിയ ഹർജിയിലാണ് നടപടി. ഇത് സംബന്ധിച്ച് സമർപ്പിച്ച പൊതുതാൽപര്യ ഹർജ്ി കേരള ഹൈക്കോടതി കഴിഞ്ഞ സെപ്തംബറിൽ തളളിയിരുന്നു. ഇതിനെതിരെയാണ് കവരത്തി നിവാസിയായ അജ്മൽ അഹമ്മദ് സുപ്രീംകോടതിയെ സമീപിച്ചത്.
അന്തിമ ഉത്തരവുണ്ടാകുന്നതു വരെ കുട്ടികൾക്ക് പഴയ മെനുവിൽ ഭക്ഷണം നൽകാനും കോടതി ഇടക്കാല ഉത്തരവിലൂടെ നിർദ്ദേശിച്ചിട്ടുണ്ട്. ലക്ഷദ്വീപിലെ ഡയറി ഫാമുകൾ അടച്ചുപൂട്ടാനുളള നിർദ്ദേശം പുനപ്പരിശോധിക്കണമെന്നും അപ്പീലിൽ പറയുന്നു.
ഉച്ചഭക്ഷണത്തിൽ നിന്നും മാസം ഒഴിവാക്കുന്നത് കുട്ടികളുടെ ശാരീരികവും മാനസീകവുമായ ആരോഗ്യത്തെ ബാധിക്കുമെന്നുൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകൻ കൂടിയായ അജ്മൽ അഹമ്മദ് ഹർജി നൽകിയിരിക്കുന്നത്. തീരുമാനം ദേശീയ ഉച്ചഭക്ഷണ പദ്ധതിയുടെ ലക്ഷ്യങ്ങളോട് നിരക്കുന്നതല്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ജസ്റ്റീസുമാരായ ഇന്ദിരാ ബാനർജിയും എ.എസ് ബൊപ്പണ്ണയുമാണ് ഹർജി പരിഗണിച്ചത്. ഉച്ചഭക്ഷണ മെനുവിൽ നിന്ന് മാസം ഒഴിവാക്കാനുളള നിർദ്ദേശം ദ്വീപ് അഡ്മിനിസ്‌ട്രേറ്ററായ പ്രഫുൽ പട്ടേലിന്റെ രഹസ്യ അജൻഡയുടെ ഭാഗമാണെന്നും പുതിയ മെനു ഒരു ആശയവിനിമയമോ കൂടിയാലോചനകളോ ഇല്ലാതെയാണ് ഏർപ്പെടുത്തിയതെന്നും ഹർജിയിൽ ആരോപിക്കുന്നു.
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 ൽ പറഞ്ഞിട്ടുളള ഭക്ഷണത്തിനായുളള അവകാശത്തിന്റെ ലംഘനമാണ് മാംസ വിഭവങ്ങൾ ഒഴിവാക്കിയ നടപടിയെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടിയിരുന്നു.
















Comments