തിരുവനന്തപുരം: പി.സി.ജോർജ്ജിനെതിരെ വിമർശനവുമായി പാളയം ഇമാം വി പി സുഹൈബ് മൗലവി. വർഗ്ഗീയ പ്രസംഗകരെ ഒറ്റപ്പെടുത്തണമെന്ന് വി.പി.സുഹൈബ് മൗലവി പറഞ്ഞു. മതേതര പാരമ്പര്യം തകർക്കാൻ ശ്രമിച്ചാൽ അത് അനുവദിക്കില്ല. അത്തരക്കാർ ഏത് മത രാഷ്ട്രീയത്തിൽ പെട്ടവരാണെങ്കിലും മാറ്റി നിർത്തണം. കലാപ അന്തരീക്ഷം കെടുത്താൻ വിശ്വാസികൾക്ക് ഉത്തരവാദിത്തമുണ്ട്. വർഗീയ പ്രചാരണങ്ങളെ അതിജീവിക്കണം. തിന്മയെ നന്മ കൊണ്ട് നേരിടണം. നിയമം ആര് കയ്യിലെടുത്താലും അത് ശരിയല്ലെന്നും ഈദ്ഗാഹിൽ സംബന്ധിക്കവെ ഇമാം പറഞ്ഞു.
രാഷ്‌ട്രീയ കൊലപാതകങ്ങളേയും അദ്ദേഹം വിമർശിച്ചു. കൊലപാതകങ്ങളെ ആരും ന്യായീകരിക്കരുത്. വെട്ടിന് വെട്ടും കൊലയ്ക്ക് കൊലയും തുടങ്ങിയാൽ എവിടെച്ചെന്ന് നിൽക്കും. നിയമം കയ്യിലെടുത്തുന്നവർ ആരായാലും അത് ശരിയല്ലെന്ന് പറയണം. മതേതരത്വം തകർത്ത് കലാപത്തിന് ശ്രമിച്ചാൽ നേരിടണം. കലാപ അന്തരീക്ഷം കെടുത്താൻ വിശ്വാസിക്ക് ഉത്തരവാദിത്തമുണ്ട്. നാടിന്റെ ഒരുമയെ തകർക്കാൻ ഒരു ശക്തിക്കും കഴിയില്ല. പൊങ്കാലക്കാലത്ത് പാളയം പള്ളിമുറ്റം വിട്ടു കൊടുക്കുന്നുണ്ട്. അദ്വൈതാശ്രമത്തിൽ ഈദ്ഗാഹ് നടത്താറുണ്ട്. അതാണ് മതേതരത്വത്തിന്റെ സൗന്ദര്യമെന്നും പാളയം ഇമാം പറഞ്ഞു.
ജോർജ്ജിന്റേത് കേട്ടുകേൾവിയില്ലാത്ത പരാമർശമാണ്. അങ്ങേയറ്റം അപകടകരമായ പരാമർശമാണിത്. വിദ്വേഷം കത്തിക്കാനായിരുന്നു ശ്രമം. മുസ്ലിമിന്റെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങരുതെന്ന് പറയുന്നു. മുസ്ലിം ഭക്ഷണ വസ്തുക്കളിൽ മരുന്ന് കലർത്തുന്നുവെന്ന് പ്രചരിപ്പിക്കുന്നു. കള്ളപ്രചരണമാണ് നടത്തുന്നത്. ഹിന്ദു ഹിന്ദുവിന്റെ കടയിൽ നിന്നും മുസ്ലീം മുസ്ലീമിന്റെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങണമെന്ന് പറയുന്നത് കേട്ടുകേൾവി ഇല്ലാത്തതാണ്. പരാമർശങ്ങളിൽ പി.സി.ജോർജ്ജ് സമൂഹത്തോട് മാപ്പ് പറയണമെന്നും പാളയം ഇമാം ആവശ്യപ്പെട്ടു.
















Comments