ബെർലിൻ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജർമ്മൻ സന്ദർശനത്തിൽ ധാരണയായത് കർഷക ക്ഷേമം ലക്ഷ്യം വെച്ചുളള പദ്ധതികളും. ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസുമായി നടത്തിയ ചർച്ചകൾക്ക് ശേഷം ഇരുരാജ്യങ്ങളും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിൽ ഇന്ത്യയുടെ കാർഷിക വിപണി ശക്തിപ്പെടുത്തുന്നതിനും നവീകരിക്കുന്നതിനുമുളള ശ്രമങ്ങളെ ശക്തമായി പിന്തുണയ്ക്കാനുളള പ്രതിജ്ഞാബദ്ധത ജർമ്മനി ആവർത്തിച്ചു.
ഇന്ത്യയിൽ കൃഷിയിൽ പ്രായോഗിക വൈദഗ്ധ്യ വികസനം പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ‘ഇന്തോ-ജർമ്മൻ കാർഷിക മികവിന്റെ കേന്ദ്രങ്ങൾ’ സ്ഥാപിക്കുന്നതിന് ജർമ്മൻ കാർഷിക വ്യവസാ സഖ്യവും (ജിഎഎ) ഇന്ത്യൻ കാർഷിക നൈപുണ്യ കൗൺസിലും (എഎസ്സിഐ) ഒപ്പുവെച്ച ധാരണാപത്രവും ഇരുരാജ്യങ്ങളും അംഗീകരിച്ചു.
ഇന്ത്യയിലെ ഗ്രാമീണജനതയ്ക്കും ചെറുകിട കർഷകർക്കും പ്രയോജനപ്പെടുന്ന തരത്തിൽ ‘കാർഷികശാസ്ത്രവും പ്രകൃതിവിഭവങ്ങളുടെ സുസ്ഥിര പരിപാലനവും’ എന്ന വിഷയത്തിൽ
ഇരുരാജ്യങ്ങളും സഹകരിക്കും. വരുമാനം, ഭക്ഷ്യസുരക്ഷ, കാലാവസ്ഥാ പ്രതിരോധം, മെച്ചപ്പെട്ട മണ്ണ്, ജൈവവൈവിധ്യം, വനം പുനഃസ്ഥാപനം, ജലലഭ്യത എന്നിവയിൽ ആഗോളതലത്തിൽ ഇന്ത്യക്ക് പരിജ്ഞാനം ലഭിക്കുന്നതിന് ഇതു സഹായിക്കും.
ഉയർന്ന നിലവാരമുള്ള പ്രോജക്റ്റ് തയ്യാറാക്കലും ഫണ്ടുകളുടെ ലഭ്യതയും അനുസരിച്ച് 2025 വരെ 300 ദശലക്ഷം യൂറോവരെയുള്ള ആനുകൂല്യ വായ്പകൾ ഉൾപ്പെടെയുള്ള സാമ്പത്തിക സാങ്കേതിക സഹകരണം നൽകാനുള്ള ആഗ്രഹം ജർമ്മനി പ്രകടിപ്പിച്ചു. സുസ്ഥിര കാർഷിക ഉൽപ്പാദനം, ഭക്ഷ്യ സുരക്ഷ, കാർഷിക പരിശീലനവും വൈദഗ്ധ്യവും, വിളവെടുപ്പിനു ശേഷമുള്ള മാനേജ്മെന്റ്, കാർഷിക ചരക്കു ഗതാഗതം എന്നീ മേഖലകളിൽ നിലവിലുള്ള ധാരണാപത്രങ്ങളുടെ അടിസ്ഥാനത്തിൽ തുടർന്നും സഹകരണം ഉണ്ടാകും.
ഭക്ഷ്യ-കാർഷിക മേഖലയിലെ സാങ്കേതിക വിദ്യയും വിജ്ഞാന കൈമാറ്റവും കൂടുതൽ സുസ്ഥിരമായ ഭക്ഷ്യ സമ്പ്രദായങ്ങൾക്ക് പ്രധാനമാണെന്നും ബിഎഫ്ആറും എഫ്എസ്എസ്എഐയും ചേർന്ന് ഭക്ഷ്യസുരക്ഷാ മേഖലയിൽ ഗവേഷണ സഹകരണ പദ്ധതികൾ രൂപപ്പെടുത്താൻ കഴിയുമെന്നും ഇരുപക്ഷവും സമ്മതിച്ചു. നിലവിലുള്ള സഹകരണ കരാറുകളുടെ അടിസ്ഥാനത്തിൽ ഭക്ഷ്യ സുരക്ഷാ മേഖലയിൽ സഹകരണ പ്രവർത്തനങ്ങൾ വികസിപ്പിക്കാനും ഇരുകൂട്ടരും സന്നദ്ധത പ്രകടിപ്പിച്ചു.
Comments