ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ നിശാ പാർട്ടിയിൽ പങ്കെടുക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ രാഹുൽ പങ്കെടുത്തത് നിശാ പാർട്ടിയിൽ അല്ലെന്നും സുഹൃത്തിന്റെ വിവാഹ ചടങ്ങിൽ ആണെന്നുമാണ് കോൺഗ്രസിന്റെ അവകാശവാദം. ഇപ്പോഴിതാ വിവാഹ ചടങ്ങുകൾക്ക് ശേഷം രാഹുൽ നിശാപാർട്ടിയിൽ പങ്കെടുത്തുവെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് നൈറ്റ് ക്ലബ്ബ് സംഘടിപ്പിച്ച ലോർഡ്‌സ് ഓഫ് ദി ഡ്രിങ്ക്‌സ്.
രാഹുലിന്റെ സുഹൃത്ത് സുംനിമ ഉദ്ദാസിന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് രാഹുൽ നേപ്പാളിലെത്തിയത്. വിവാഹ പാർട്ടിയ്‌ക്ക് ശേഷം രാഹുൽ ഗാന്ധി നിശാപാർട്ടിയിൽ പങ്കെടുത്തുവെന്നാണ് ലോർഡ്‌സ് ഓഫ് ദി ഡ്രിങ്ക്‌സിലെ അധികൃതർ പറയുന്നത്. വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നിശാപാർട്ടിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ഇക്കാര്യം അറിയിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
കാഠ്മണ്ഡുവിലെ ഒരു നിശാക്ലബ്ബാണ് ലോർഡ്‌സ് ഓഫ് ഡ്രിങ്ക്‌സ്. മ്യാന്മറിലെ മുൻ നേപ്പാളി അംബാസിഡർ ഭീം ഉഗാസിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായാണ് രാഹുൽ നേപ്പാളിലെത്തിയത്. ബിജെപി നേതാവ് അമിത് മാളവ്യയാണ് രാഹുലിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ആദ്യം പങ്കുവെച്ചത്. കോൺഗ്രസ് ഭരിക്കുന്ന മഹാരാഷ്‌ട്രയിലെ അന്തരീക്ഷം കലുഷിതമായിരിക്കുമ്പോഴും കോൺഗ്രസ് തകർന്ന് തരിപ്പണമാകുമ്പോഴും രാഹുൽ നിശാ പാർട്ടിയിലാണ് എന്നാണ് വീഡിയോ പങ്കുവെച്ച് അദ്ദേഹം പറഞ്ഞത്.
വീഡിയോ പ്രചരിച്ചതോടെ പരിഹാസവും വിമർശനവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ഇതാണോ നേതാവിന്റെ വിദേശ രാജ്യങ്ങളിലെ സ്വകാര്യ യോഗം എന്നും ഇന്ത്യയിൽ എന്ത് സംഭവിക്കുമ്പോഴും രാഹുൽ വിദേശത്താണോ എന്നുമുള്ള ചോദ്യങ്ങളാണ് ഉയരുന്നത്.
















Comments