തിരുവനന്തപുരം: സമൂഹമാദ്ധ്യമത്തിലൂടെ ഭീഷണിപ്പെടുത്തിയെന്നും അപമാനിച്ചെന്നുമുള്ള നടി മഞ്ജു വാര്യരുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെ പോലീസ് കസ്റ്റഡിയിലെടുത്തു. നെയ്യാറ്റിൻകരയിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കേസുമായി ബന്ധപ്പെട്ട് സംവിധായകനെ വിശദമായി ചോദ്യം ചെയ്യുമെന്നും വൈകിട്ട് കൊച്ചിയിലെത്തിക്കുമെന്നും പോലീസ് അറിയിച്ചു.
അതേസമയം പോലീസ് കസ്റ്റഡിയിലാകുന്നതിന് മുമ്പ് ഫേസ്ബുക്ക് ലൈവിലെത്തിയ സനൽകുമാർ ശശിധരൻ ഏറെ നാടകീയമായ രംഗങ്ങളായിരുന്നു സൃഷ്ടിച്ചത്. തന്നെ കൊല്ലാൻ ആളുകൾ വന്നുവെന്നും തട്ടിക്കൊണ്ടുപോകാൻ എത്തിയതാണെന്നും സംവിധായകൻ ലൈവിലൂടെ ആരോപിച്ചിരുന്നു. കസ്റ്റഡിയിലെടുക്കാനെത്തിയത് പോലീസുകാരല്ലെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജീവന് ഭയമുള്ളതുകൊണ്ട് തമിഴ്‌നാട്ടിലാണ് താൻ ജീവിക്കുന്നത്. രണ്ട് വർഷമായി താൻ വധഭീഷണി നേരിടുന്നുണ്ട്. കേരളം ഭരിക്കുന്ന കക്ഷി തനിക്കെതിരെ പ്രവർത്തിക്കുന്നുണ്ടെന്നുമുള്ള ഗുരുതര ആരോപണങ്ങൾ സംവിധായകൻ ലൈവിലൂടെ ആരോപിച്ചു. തന്നെ കൊല്ലാനുള്ള ശ്രമമാണിതെന്ന് സംവിധായകൻ ആവർത്തിച്ച് ആരോപിച്ചതിന് പിന്നാലെയാണ് പോലീസ് അദ്ദേഹത്തെ കസ്റ്റിഡിയിലെടുത്തത്.
‘കയറ്റം’ എന്ന സിനിമയ്‌ക്ക് വേണ്ടിയാണ് ഒടുവിൽ മഞ്ജുവും സനൽകുമാറും സഹകരിച്ച് പ്രവർത്തിച്ചത്. 2020ലായിരുന്നു സിനിമയുടെ ചിത്രീകരണം. സിനിമയ്‌ക്ക് പിന്നാലെ നിരവധി വിവാദ പോസ്റ്റുകൾ അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. ഏറ്റവും ഒടുവിലായെത്തിയ പോസ്റ്റുകളിലാണ് മഞ്ജു വാര്യരെ പരാമർശിച്ച് രംഗത്തെത്തിയത്. മഞ്ജു വാര്യരുടെ ജീവൻ അപകടത്തിലാണെന്നും ഇയാൾ ആരോപിച്ചിരുന്നു. ആരോപണങ്ങളും പരാമർശങ്ങളും ചൂടുപിടിക്കവെയാണ് നടി പോലീസിൽ പരാതി നൽകിയത്. എന്നാൽ സംവിധായകൻ പലപ്പോഴായി നടത്തിയിരിക്കുന്നത് പരസ്പരവിരുദ്ധമായ പരാമർശങ്ങളാണെന്നും ഇതിൽ വിശദമായി അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
Comments