ലക്‌നൗ: കേന്ദ്രസർക്കാർ പദ്ധതിക്ക് കൃഷിഭൂമി വിട്ടു നൽകി യുപിയിലെ കർഷകർ. ഏകദേശം 33 ശതമാനം കൃഷിഭൂമിയാണ് നോയിഡ അന്താരാഷ്ട്ര വിമാനത്താവള നിർമാണത്തിനായി കർഷകർ നൽകിയത്. ജെവർ എയർപോർട്ടെന്നും വിളിക്കുന്ന നോയിഡ വിമാനത്താവളത്തിന്റെ തറക്കല്ലിടൽ 2021 നവംബറിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചത്.
വിമാനത്താവളത്തിന്റെ നിർമാണത്തിനായി കേന്ദ്ര സർക്കാർ ഏറ്റെടുക്കുന്ന കർഷക ഭൂമിക്ക് 2,890 കോടി രൂപയാണ് നഷ്ടപരിഹാര തുകയായി നിശ്ചയിച്ചിരിക്കുന്നത്. നിർമാണ പ്രവർത്തനത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടന്നതോടെ 1,365 ഹെക്ടർ ഭൂമി കേന്ദ്രസർക്കാർ ഏറ്റെടുത്തു. ഭൂമി നൽകാൻ ഉത്തരവാദിത്വപ്പെട്ട എല്ലാ കർഷകരും സ്വമേധയാ തയ്യാറാകുമെന്ന് പൂർണമായി വിശ്വാസിക്കുന്നുവെന്നും ജെവർ നിയമസഭ മണ്ഡലത്തിലെ എംഎൽഎയായ ധീരേന്ദ്ര സിംഗ് പ്രതികരിച്ചു.
നിർമാണം പുരോഗമിക്കുന്ന നോയിഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പണി പൂർത്തിയായാൽ ഏഷ്യയിലെ തന്നെ ഏറ്റവും വലിയതും ലോകത്തെ ഏറ്റവും വലിയ നാലാമത്തെയും എയർപോർട്ടാകുമിത്. ഉത്തർപ്രദേശിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നുകൂടിയായിരുന്നു ജെവാർ എയർപോർട്ട്.
2024 പൊതു തിരഞ്ഞെടുപ്പിന് മുമ്പ് നിർമാണം പൂർത്തിയാകുമെന്നാണ് കരുതുന്നത്. എന്നാൽ 2022 അവസാനത്തോടെ തന്നെ ആദ്യ വിമാനം പറന്നിറങ്ങുമെന്നും നിരവധി പേർക്ക് തൊഴിൽ നൽകാനാകുമെന്നും ധീരേന്ദ്ര സിംഗ് പ്രതികരിച്ചിരുന്നു. നിരവധി നിക്ഷേപകരെ സംസ്ഥാനത്തേക്ക് ആകർഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
















Comments