ന്യൂഡൽഹി: പാക്-ഖാലിസ്ഥാൻ ബന്ധമുള്ള നാല് ഭീകരരെ പിടികൂടി കർണാൽ പോലീസ്. ഇവരിൽ നിന്ന് ഐഇഡികളും വെടിക്കോപ്പുകളും ഉൾപ്പടെയുള്ള വൻ സ്‌ഫോടക വസ്തു ശേഖരവും പണവും പിടികൂടിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഇന്ന് പുലർച്ചെ നാല് മണിയോടെ ബസ്താര ടോൾ പ്ലാസയ്‌ക്ക് സമീപത്ത് നിന്നാണ് നാല്‌പേരെയും അറസ്റ്റ് ചെയ്തത്.പഞ്ചാബ് ഫിറോസാബാദ് സ്വദേശികളായ മൂന്ന് പേരും ലുധിയാന സ്വദേശിയുമായ ഒരാളുമാണ് പിടിയിലായത്.
3 ഐഇഡികൾ,പിസ്റ്റളുകൾ, 31 ബുള്ളറ്റുകൾ 1.30 ലക്ഷം രൂപ എന്നിവയാണ് കണ്ടെടുത്തത്. സംശയാസ്പദമായ രീതിയിൽ നാലംഗസംഘം പ്ലാസ കടക്കാൻ ശ്രമിക്കുന്നതിനിടെ പോലീസ് പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സംഘത്തിന് പാക്-ഖാലിസ്ഥാൻ ബന്ധമുള്ളത് തിരിച്ചറിഞ്ഞത്.
തെലുങ്കാനയിലെ ആദിലാബാദിലേയ്‌ക്ക് സ്‌ഫോടക വസ്തുക്കൾ എത്തിക്കാനുള്ള ശ്രമമാണ് ഇവരെ പിടികൂടിയതോടെ തടസ്സപ്പെട്ടത്. പാകിസ്താൻ ആസ്ഥാനമായുള്ള ബബ്ബർ ഖൽസ ഇന്റർനാഷണലിന്റെ കമാൻഡറുടെ നിർദ്ദേശാനുസരണമായിരുന്നു ഇവരുടെ നീക്കമെന്ന് പോലീസ് വ്യക്തമാക്കി.
അതിർത്തിയിൽ നിന്ന് ഡ്രോൺ ഉപയോഗിച്ചായിരുന്നു സ്‌ഫോടകവസ്തുക്കൾ ഇവർക്ക് ലഭിച്ചിരുന്നത്. ഫിറോസ്പൂർ സ്വദേശിയായ ഭീകരിലൊരാളാണ് പതിവായി സ്‌ഫോടക വസ്തുക്കൾ അതിർത്തിയിൽ നിന്ന് ശേഖരിച്ചിരുന്നത്. പാകിസ്താന്റെ ഐഎസ്‌ഐ പിന്തുണ സംഘത്തിന് ലഭിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ.
















Comments