കോഴിക്കോട്: നഗരത്തിൽ പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ അമ്മ പിടിയിൽ. രാമനാട്ടുകര വൈദ്യരങ്ങാടി സ്വദേശി ഫാത്തിമയാണ് പിടിയിലായത്. ഭർത്താവ് ഉപേക്ഷിച്ചത് കാരണം ബാധ്യതയാവുമെന്ന് കരുതിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് ഫാത്തിമ വെളിപ്പെടുത്തി.
കൂടുതൽ ചോദ്യം ചെയ്യലിനായി ഫാത്തിമയെ പോലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിന്റെ അച്ഛനും അമ്മയ്ക്കുമെതിരെ പോലീസ് ജുവനൈൽ ആക്ട് പ്രകാരം കേസെടുത്തു.
തോട്ടുങ്ങൽ നീലിത്തോട് പാലത്തിന് സമീപത്ത് രാവിലെ ആറ് മണിയോടെയാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഫുട്പാത്തിലാണ് ആൺ കുഞ്ഞിനെ പുതപ്പിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്.പണിക്കിറങ്ങിയ ഇതര സംസ്ഥാന തൊഴിലാളികളാണ് വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ പിഞ്ചു കുഞ്ഞിനെ ആദ്യം കണ്ടത്. തുടർന്ന് ഇവർ നാട്ടുകാരേയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി കുഞ്ഞിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു.
Comments