അഹമ്മദാബാദ് : ഗുജറാത്ത് എംഎൽഎ ജിഗ്നേഷ് മേവാനി വീണ്ടും ജയിലിലേക്ക്. 2017 ലെ കേസിൽ ഗുജറാത്ത് മജിസ്ട്രൽ കോടതിയാണ് എംഎൽഎയ്‌ക്കും മറ്റ് 9 പേർക്കും മൂന്ന് മാസത്തെ തടവ് ശിക്ഷ വിധിച്ചത്. തടവ് ശിക്ഷ കൂടാതെ ഓരോരുത്തരും 1000 രൂപ വീതം പിഴയടയ്‌ക്കണം.
അസമിലെ ജയിലിൽ നിന്ന് ജാമ്യം ലഭിച്ച് പുറത്ത് വന്ന് ഒരാഴ്ച പിന്നിടുമ്പോഴാണ് എംഎൽഎ വീണ്ടും ജയിലിലേക്ക് തന്നെ പോകുന്നത്. 2017 ജൂലൈയിൽ പോലീസ് അനുമതിയില്ലാതെ മെഹ്‌സാന നഗരത്തിൽ റാലി നടത്തിയ കേസിലാണ് വിധി വന്നത്. രാജ്യത്ത് റാലി നടത്തുന്നതിൽ ഒരു തെറ്റുമില്ല എന്നാൽ അനുമയില്ലാതെ റാലി നടത്തിയത് കുറ്റമാണെന്ന് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ജെ എ പർമർ അറിയിച്ചു. നിയമലംഘനം ഒരിക്കലും വെച്ചുപൊറുപ്പിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) നേതാവ് രേഷ്മ പട്ടേലും ശിക്ഷിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു.
ഗുജറാത്തിലെ ഉനയിലെ ദളിത് സമുദായക്കാർ കൊല്ലപ്പെട്ടതിന്റെ ഒന്നാം വാർഷികത്തിലാണ് മേവാനിയും സംഘവും മെഹ്സാനയിൽ നിന്ന് ബനസ്‌കന്തയിലെ ധനേരയിലേക്ക് റാലി നടത്തിയത്. എന്നാൽ ഈ റാലിക്ക് അധികൃതർ അനുമതി നിഷേധിച്ചിരുന്നു. സംസ്ഥാനത്തിന്റെ ക്രമസമാധാന നില കണക്കിലെടുത്താൻ റാലി നടത്തരുതെന്ന് നിർദ്ദേശിച്ചത്. എന്നാൽ ഈ നിർദ്ദേശങ്ങൾ വകവെക്കാതെ മേവാനിയും സംഘവും റാലി നടത്തുകയായിരുന്നു.
തുടർന്ന് ഐപിസി സെക്ഷൻ 143 പ്രകാരം മേവാനിക്കും മറ്റുള്ളവർക്കുമെതിരെ മെഹ്സാന പോലീസ് നിയമവിരുദ്ധമായി സംഘംചേർന്നതിന് കേസെടുത്തു. കേസിൽ 12 പേർക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു. അടുത്തിടെ കോൺഗ്രസിൽ ചേർന്ന കനയ്യ കുമാറും കേസിലെ പ്രതികളിലൊരാളായിരുന്നുവെങ്കിലും കുറ്റം ചുമത്തുന്ന സമയത്ത് അദ്ദേഹം ഹാജരായിരുന്നില്ല. അതിനാൽ ഇയാൾക്കെതിരെ പ്രത്യേക വിചാരണയ്‌ക്ക് കോടതി ഉത്തരവിട്ടിരുന്നു.
















Comments