ന്യൂഡൽഹി: ജമ്മുകശ്മീർ ആഭ്യന്തര അതിർത്തി പുനർനിർണ്ണയ സമിതി റിപ്പോർട്ട് കേന്ദ്രസർക്കാറിന് സമർപ്പിച്ചു. വിരമിച്ച ജസ്റ്റിസ് രഞ്ജന ദേശായി നേതൃത്വം കൊടുത്ത മൂന്നംഗ സമിതിയാണ് കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമസഭാ മണ്ഡലങ്ങളെ പുനർനിർണ്ണ യിക്കാൻ ശുപാർശ ചെയ്തിട്ടുള്ളത്. ഗോത്രമേഖലയ്‌ക്ക് ചരിത്രത്തിലാദ്യമായി സീറ്റുകൾ തീരുമാനിച്ചതാണ് ഏറെ ശ്രദ്ധേയമാകുന്നത്. മണ്ഡല പുനർനിർണ്ണയത്തോടെ ഹിമാചലിലെ തിരഞ്ഞെടുപ്പിനൊപ്പം ജമ്മുകശ്മീരിലും ജനവിധി തേടാനുള്ള സാദ്ധ്യതയാണ് തെളിയുന്നത്.
പുതിയ നിർദ്ദേശപ്രകാരം നിലവിലെ 83 സീറ്റുകൾ 90 ആയി വർദ്ധിക്കും.ജമ്മുവിൽ ആറ് നിയമസഭാ സീറ്റുകളും കശ്മീരിൽ ഒരു സീറ്റുമാണ് വർദ്ധിക്കുന്നത്. നിലവിൽ കശ്മീരിൽ 46 സീറ്റുകളും ജമ്മുവിൽ 37 സീറ്റുകളുമാണുള്ളത്. ഇതുകൂടാതെ പാക് അധീന കശ്മീരിൽ നിലവിലുള്ള 24 സീറ്റുകളിൽ തീരുമാനം എടുത്തിട്ടില്ല.
സമിതിയിൽ ജസ്റ്റിസ് രഞ്ജനയ്‌ക്കൊപ്പം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുശീൽ ചന്ദ്രയും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറും അംഗങ്ങളാണ്. ജമ്മുകശ്മീരിനെ ഒറ്റ ഭരണ പ്രദേശമായി പരിഗണിച്ചാണ് നിയമസഭാ മണ്ഡലങ്ങൾ പുനർനിർണ്ണയിച്ചതെന്ന് സമിതി അറിയിച്ചു. ഇതിൽ 7 സീറ്റുകൾ പട്ടിക ജാതിവിഭാഗങ്ങൾക്കായി നീക്കിവച്ചിട്ടുണ്ട്. ഇതുകൂടാതെ അനന്തനാഗും രജൗറി-പൂഞ്ച് മേഖലകളെ ഉൾപ്പെടുത്തി ഒരു ലോക്‌സഭാ സീറ്റും പ്രഖ്യാപിച്ചിട്ടുണ്ട്. ആകെ അഞ്ച് ലോക്‌സഭാ സീറ്റുകൾക്കും 18 വീതം നിയമസഭാ മണ്ഡലമെന്ന തുല്യതയും തീരൂമാനത്തിലുണ്ട്. എല്ലാ നിയമസഭാ മണ്ഡലങ്ങളും അതാത് ജില്ലാപരിധിക്കുള്ളിൽ തന്നെ നിൽക്കുന്ന തരത്തിലാണ് അതിർത്തി പുനർനിർണ്ണയിച്ചത്. കശ്മീരിൽ നിന്ന് കുടിയേറിയ വിഭാഗത്തിനായി ഒരു വനിതാ സീറ്റും പണ്ഡിറ്റുകൾക്കായി രണ്ടു സീറ്റും ശുപാർശ ചെയ്തിട്ടുണ്ട്.
















Comments