കോഴിക്കോട്: ദുരൂഹ സാഹചര്യത്തിൽ ദുബായിൽ മരിച്ച വ്‌ളോഗർ റിഫ മെഹ്നുവിന്റെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്യും. കഴിഞ്ഞ ദിവസമാണ് ആർഡിഒ പോസ്റ്റ്‌മോർട്ടത്തിന് അനുമതി നൽകിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന റിഫയുടെ പരാതിയെ തുടർന്നാണ് പോസ്റ്റ്‌മോർട്ടം നടത്തുന്നത്.ദുബായിൽ നടത്തിയ ഫോറൻസിക് പരിശോധന പോസ്റ്റ്‌മോർട്ടമായി തെറ്റിദ്ധരിപ്പിച്ചതായി കുടുംബം ആരോപിച്ചിരുന്നു.
റിഫയുടെ ഭർത്താവ് മെഹ്നാസിനെതിരെ കേസെടുത്തിരുന്നു. കോഴിക്കോട് കാക്കൂർ പോലീസാണ് റിഫയുടെ അമ്മയുടെ പരാതിയിൽ കേസെടുത്തത്. ആത്മഹത്യാ പ്രേരണയ്‌ക്കും, മാനസികമായും ശാരീരികമായും ഉപദ്രവിച്ചതിനുമാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ് എടുത്തത്.
തുടർന്ന് ഫോറൻസിക് ഉദ്യോഗസ്ഥരുടെ സൗകര്യം കൂടി പരിഗണിച്ച് ഇന്ന് പോസ്റ്റ്‌മോർട്ടം നടത്താൻ അന്വേഷണ സംഘം തീരുമാനിക്കുകയായിരുന്നു. തഹസിൽദാരുടെ മേൽനോട്ടത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഫോറൻസിക് വിദഗ്ധർ പോസ്റ്റ്‌മോർട്ടം നടത്തും. താമരശ്ശേരി ഡിവൈഎസ്പി ടികെ അഷറഫിനാണ് അന്വേഷണ ചുമതല.
റിഫ മെഹ്നുവിനെ മാർച്ച് ഒന്നിനാണ് ദുബായിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് തുടർന്ന് മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുകയായിരുന്നു.ദുബായ് ജാഫിലിയിലെ ഫ്‌ളാറ്റിലാണ് റിഫ മെഹ്നുവിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭർത്താവാണ് മൃതദേഹം ആദ്യം കണ്ടത്.
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഇരുവർക്കും രണ്ട് വയസുള്ള മകനുണ്ട്. കഴിഞ്ഞ മാസം നാട്ടിലെത്തി മകനെ മാതാപിതാക്കളോടൊപ്പം നിർത്തിയാണ് റിഫ ദുബായിലേക്ക് പോയത്.ആൽബം നടികൂടിയായ റിഫ മെഹ്നുവിന് ഇൻസ്റ്റഗ്രാമിൽ മാത്രം മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട്. ദിവസങ്ങൾക്ക് മുൻപ് പോലും സമൂഹമാദ്ധ്യമങ്ങളിൽ റിഫയും ഭർത്താവും വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.
അതേസമയം പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായാൽ റിഫയുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
















Comments