കൊല്ലം: സിനിമകൾ ആളുകളെ സ്വാധീനിക്കുന്നു എന്ന് വെറുതെ പറയുന്നതല്ല.ഒരു സിനിമ കണ്ടിറങ്ങിയാൽ സിനിമയിലെ ഡയലോഗുകളും സിനിമയിലെ കഥാപാത്രങ്ങളുടെ വേഷങ്ങളും ആളുകൾ ശ്രദ്ധിച്ച് അത് ജീവിതത്തിൽ പകർത്തും. ഉത്തരക്കടലാസുകളിലും ഈ രീതിയിൽ സിനിമയുടെ സ്വാധീനം കാണാറുണ്ട്. ഉത്തരം കിട്ടാതെ വിഷമത്തിലാവുന്ന പല വിദ്യാർത്ഥികളും സിനിമാ കഥകൾ കൊണ്ട് ഉത്തരക്കടലാസുകൾ നിറയ്‌ക്കാറാണ് പതിവ്.
ഇത്തവണയും ആ രീതിയ്‌ക്ക് മാറ്റമില്ലെന്നാണ് പരീക്ഷാ പേപ്പർ പരിശോധിക്കുന്ന പല അദ്ധ്യാപകരും പറയുന്നത്. ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷയിൽ ശകുന്തളയുടെ ന്യായവാദങ്ങളുടെ ഭാഗമായി കടന്നുവരുന്ന ലോകോക്തികളുടെ സമകാലിക പ്രസക്തി വിലയിരുത്തുന്ന കുറിപ്പ് തയ്യാറാക്കുക എന്ന ചോദ്യത്തിന് ഒരു വിദ്യാർത്ഥി നൽകിയ ഉത്തരമാണ് അതിന് ഉദാഹരണമായി ഒരു അദ്ധ്യാപിക ചൂണ്ടിക്കാണിക്കുന്നത്. ഉത്തരകടലാസിലെ സിനിമാ കഥയേക്കാൾ അദ്ധ്യാപികയെ വേദനിപ്പിച്ചത് 12 വർഷത്തെ വിദ്യാലയപഠനം പൂർത്തിയാക്കിയ കുട്ടിയ്‌ക്ക് മലയാളം അക്ഷരത്തെറ്റില്ലാതെ എഴുതാൻ കഴിയുന്നില്ല എന്നതിനാണ്.
‘ദുഷ്യന്തൻ വനവാസത്തിനായി കാട്ടിൽ പോയപ്പോൾ ശകുന്തളയെ കണ്ടു. അവർ തമ്മിൽ ഇഷ്ടത്തില്ലയി (ഇഷ്ടത്തിലായി), അവർ പരസ്പരം കല്യാണം കഴിച്ചും ഒരു മോതിരം ദുഷ്യന്തൻ ശകുന്തളയ്‌ക്ക് അണിയിച്ചും കേടുത്തു (കൊടുത്തു)., ഇതറിഞ്ഞ ദുർവസഭി (ദുർവാസാവ്) ദുഷ്യന്തൻെ (ദുഷ്യന്തനെ) ശഭിക്കുന്നു (ശപിക്കുന്നു). ദുഷ്യന്തൻ അത്യത്തെ (ആദ്യത്തെ) ഒർമ്മകൾ (ഓർമകൾ), എല്ലാം നഷ്ടപെടുന്നു. (നഷ്ടപ്പെടുന്നു). അപ്പോൾ അണ് (ആണ്) അ (ആ) ന്തെട്ടിക്കുന്ന (ഞെട്ടിക്കുന്ന) സത്യം വർത്ത ( വാർത്ത) അറിഞ്ഞത്. ശകുന്തള ഗർഭിണി അയിരുന്നു (ആയിരുന്നു).
ഇതറിഞ്ഞ ശകുന്തള ദുഷ്യന്തനെ തേടി പോയത്ത് (പോയത്). പക്ഷേ ദുഷ്യന്തന് ഇവരെ ഒർമ്മ (ഓർമ) ഉണ്ടയിലെ (ഉണ്ടായില്ല). ശകുന്തള നേരെ പോലീസ് സെറ്റെഷണിൽ (സ്റ്റേഷനിൽ) പോയി പരത്തി (പരാതി) കോടുത്തു (കൊടുത്തു). പക്ഷേ പൊലീസിനു തെളിവ് വേണമയിരുന്നു (വേണമായിരുന്നു). ഡിഎൻഎ ടെസ്റ്റ് എടുക്കാൻ ശകുന്തള ഹേസ്പിറ്റവി (ഹോസ്പിറ്റലിൽ) പേയി (പോയി). ഇങ്ങനെയാണ് വിദ്യാർത്ഥിയുടെ ഉത്തരം. മറ്റൊരു ചോദ്യത്തിന് കെജിഎഫ് കഥയും എഴുതിയിട്ടുണ്ട്. തെറ്റില്ലാതെ ഒരു വരി പോലും എഴുതാൻ കഴിയാത്ത ഒട്ടേറെ കുട്ടികൾ ഉണ്ടെന്നാണ് ഉത്തരക്കടലാസുകളിൽ നിന്നു മനസ്സിലാകുന്നതെന്നു മൂല്യനിർണയം നടത്തുന്ന അദ്ധ്യാപകർ പറയുന്നു.
.
















Comments