ഹൈദരാബാദ്: മുസ്ലീം യുവതിയെ വിവാഹം കഴിച്ചതിന് ദളിത് യുവാവിനെ ഭാര്യാ സഹോദരനും ബന്ധുക്കളും ചേർന്ന് കുത്തിക്കൊലപ്പെടുത്തിയ വാർത്ത ആളുകളെ കണ്ണീരിലാരാഴ്ത്തിയിരുന്നു. ഭാര്യയുടെ മുന്നിൽ വെച്ച് നടുറോഡിൽ മരണത്തിന് കീഴടങ്ങേണ്ടി വന്ന ബി നാഗരാജുവിനെ കുറിച്ച് ഓർക്കുകയാണ് അടുത്ത സുഹൃത്തായ കെ സതീഷ്.
ഭാര്യയെ സന്തോഷിപ്പിക്കാനായി ഈദ് ആഘോഷങ്ങൾക്ക് പണം കണ്ടെത്തുന്നതിന് നാഗരാജു സ്വർണ ചെയിൻ വിറ്റതായി സതീഷ് പറയുന്നു. ഈദ് ഷോപ്പിംഗിനായി ഭാര്യയെ ചാർമിനാറിലേക്ക് കൊണ്ടുപോകുന്നതിനാണ് നാഗരാജു തന്റെ മാല 25,000 രൂപയ്ക്ക് വിറ്റത്. അവൻ വളരെ സത്യസന്ധനും കഠിനാധ്വാനിയുമായിരുന്നു, വളരെ നിഷ്കളങ്കനായിരുന്നു. ഭാര്യയുടെ സഹോദരൻ പ്രതികാരം ചെയ്യുമെന്ന് ഭീഷണി മുഴക്കിയതിൽ ദമ്പതികൾ വളരെയധികം ഭയപ്പെട്ടിരുന്നുവെന്നും അതിനാൽ എല്ലാ ദിവസവും ജോലിയ്ക്ക് പോകുമ്പോൾ നാഗരാജു ഭാര്യയെ സഹോദരിയുടെ വീട്ടിൽ ഇറക്കുമായിരുന്നുവെന്ന് സതീഷ് പറയുന്നു.
ഒളിച്ചോടി വിവാഹം കഴിച്ച ദമ്പതിമാരെ പിന്തുടർന്ന് വന്ന്, നടുറോഡിലിട്ട് യുവാവിനെ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് പ്രതികളെ പിടികൂടുകയും ചെയ്തു.ബി നാഗരാജു എന്ന യുവാവിനെയാണ് ഭാര്യ സയീദ് ആഷ്രിൻ സുൽത്താനയുടെ കുടുംബക്കാർ കുത്തിക്കൊലപ്പെടുത്തിയത്. ഇവർ പ്രണയത്തിലായിരിക്കുമ്പോൾ തന്നെ യുവതിയുടെ കുടുംബത്തിൽ നിന്ന് വധഭീഷണി നേരിട്ടിരുന്നു. ദളിത് യുവാവിനെ പ്രണയിച്ചതിന് സുൽത്താനയുടെ സഹോദരൻ അവരെ രണ്ട് തവണ തൂക്കിക്കൊല്ലാൻ ശ്രമം നടത്തിയിരുന്നു എന്ന് കഴിഞ്ഞ ദിവസം യുവതി മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
















Comments