യുഎഇ: ലോക പ്രശസ്ത സാഹിത്യകാരനും നോബൽ സമ്മാന ജേതാവുമായ രവീന്ദ്രനാഥ ടാഗോറിന്റെ 161-ാം ജന്മവാർഷികാഘോഷ പരിപാടികൾ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ നടന്നു. ടാഗോർ ബിയോൻഡ് ഹൊറൈസൺ എന്ന ആൽബത്തിലെ 3 ഐക്കണിക് ഗാനങ്ങൾ പുറത്തിറക്കിയാണ് ആഘോഷം സംഘടിപ്പിച്ചത്. അറബിയിലേക്ക് വിവർത്തനം ചെയ്ത ടാഗോറിന്റെ മൂന്ന് ഗാനങ്ങൾ ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഉടമയായ സുചേതാ സതീഷ് ചടങ്ങിൽ ആലപിച്ചു.
പ്രശസ്ത എമിറാത്തി കവി ഡോ. ഷിഹാബ് ഗാനേം ആണ് ഗാനങ്ങൾ അറബിയിലേക്ക് വിവർത്തനം ചെയ്തത്. ശ്രീ ദേവ് ചക്രവർത്തിയാണ് ഗാനങ്ങൾക്ക് ഈണം ഒരുക്കിയത്. ഇന്ത്യൻ കോൺസുലേറ്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ഇന്ത്യൻ കോൺസൽ ജനറൽ അമൻ പുരി ഗാനങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. യുഎഇയിലെയും ഇന്ത്യയിലെയും പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യൻ നവോത്ഥാനത്തിന്റെ ഏറ്റവും മികച്ച പ്രതീകമാണ് ടാഗോറെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സാംസ്കാരിക കോൺസൽ താഡു മാമു പറഞ്ഞു.
Comments