കൊച്ചി: കെ റെയിൽ കല്ലിടൽ താൽക്കാലികമായി നിർത്തി വെച്ചു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തെ സിൽവർലൈൻ കല്ലിടൽ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലിലാണ് കല്ലിടൽ താത്കാലികമായി നിർത്തിവെച്ചത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം സംസ്ഥാനത്ത് ഒരിടത്തും സ്വകാര്യഭൂമിയിൽ സർവ്വെക്കല്ലുകൾ സ്ഥാപിച്ചിട്ടില്ല.
വികസനത്തിന് വോട്ടു ചോദിക്കുന്നുവെന്ന് സി പി എം പറയുമ്പോഴും കല്ലിടൽ വിനയാകുമെന്നാണ് നേതൃത്വത്തിന്റെ ആശങ്ക. സർക്കാർ നിർദ്ദേശം ലഭിച്ച ശേഷം കല്ലിടൽ നടത്തിയാൽ മതിയെന്നാണ് കെ റെയിൽ നിലപാട്. നേരത്തെ ജനകീയ പ്രതിഷേധം ശക്തമായപ്പോഴും പദ്ധതി നടപ്പാക്കുമെന്ന് ആവർത്തിച്ച് സർക്കാർ പറഞ്ഞിരുന്നു.
തിരുവനന്തപുരത്ത് സംവാദം നടന്ന ദിവസം കണ്ണൂരിൽ സർവേയും പോലീസ് നടപടികളും അരങ്ങേറി. ഇതിനുപുറമെ, സിൽവർ ലൈനിനെ അനുവദിക്കുന്നവർ തന്നെ, കല്ലിടൽ അനാവശ്യമാണെന്ന് സംവാദവേദിയിൽ അഭിപ്രായപ്പെട്ടിരുന്നു. എന്നാലിപ്പോൾ കെ-റെയിലിനെതിരായ പ്രതിഷേധം തിരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലിൽ കല്ലിടൽ നിർത്തിവെച്ചിരിക്കുകയാണ്.
Comments