ഭോപ്പാൽ : ഖാർഗോണിൽ രാമനവമി ഘോഷയാത്രയ്‌ക്കിടെ ഹിന്ദുക്കളെ ആക്രമിച്ച സംഭവത്തിൽ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ. ഖാർഗോൺ സ്വദേശിയായ അഫ്‌സൽ അൻസാരിയാണ് പിടിയിലായത്. ഘോഷയാത്രയ്‌ക്ക് നേരെ മതതീവ്രവാദികളെ ആക്രമണത്തിന് പ്രേരിപ്പിച്ചത് അൻസാരിയാണ്.
സംഭവം ഉണ്ടായി 28 ദിവസങ്ങൾക്ക് ശേഷമാണ് അൻസാരി പിടിയിൽ ആകുന്നത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാൾക്കായി പോലീസ് ഊർജ്ജിത അന്വേഷണം തുടരുകയായിരുന്നു. ഇയാളെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതെയായതോടെ പോലീസ് പതിനായിരം രൂപ പാരിതോഷികം ഉൾപ്പെടെ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ ഇയാളുടെ രഹസ്യ താവളത്തെക്കുറിച്ച് വിവരം ലഭിച്ച പോലീസ് അവിടെയെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
രാമനവമി ഘോഷയാത്രയ്‌ക്ക് നേരെ ആക്രമണം നടത്താൻ ഗൂഢാലോചന നടത്തിയത് അൻസാരിയാണ്. സംഘർഷമുണ്ടാക്കി പ്രദേശത്ത് വർഗ്ഗീയ ലഹള സൃഷ്ടിക്കുകയായിരുന്നു ഇയാളുടെ ഉദ്ദേശമെന്ന് അന്വേഷണ സംഘം പറഞ്ഞു. ഇതിനായി വർഗ്ഗീയത വളർത്തുന്ന രീതിയിൽ അൻസാരി മറ്റുള്ളവരോട് സംസാരിച്ചു. ഇതിന് പിന്നാലെയാണ് അൻസാരിയും മറ്റ് മതമൗലികവാദികളും ചേർന്ന് ഹിന്ദുക്കളെ ആക്രമിച്ചത്.
അതേസമയം സംഭവത്തിൽ ഇതുവരെ അറസ്റ്റിലായവരുടെ ആകെ എണ്ണം 179 ആയി ഉയർന്നു. ആക്രമിച്ചവർക്ക് പുറമേ ഗൂഢാലോചനയിൽ പങ്കെടുത്തവരും അക്രമികൾക്ക് ആയുധം എത്തിച്ചുനൽകിയവരും ഇതിൽ ഉൾപ്പെടുന്നുണ്ട്.
















Comments